കേരളത്തിൽ സ്ത്രീകൾക്ക് വധശിക്ഷ വിധിക്കുന്നത് അപൂർവം; ഗ്രീഷ്മ ഏറ്റവും പ്രായം കുറഞ്ഞ വനിത കുറ്റവാളി

വളരെ അപൂർവമായി മാത്രമാണ് കേരളത്തിൽ സ്ത്രീകളെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. നിലവിൽ ഒരു സ്ത്രീ മാത്രമാണ് കേരളത്തിലെ ജയിലുകളിൽ വധശിക്ഷ കാത്ത് കഴിയുന്നത്. വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ കോവളം സ്വദേശി റഫീക്ക ബീവിയാണിത്. തൂക്കുകയർ വിധിച്ചതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി ഗ്രീഷ്‌മ മാറി.

ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ചത്. ഇതിന് മുൻപ് വധശിക്ഷ വിധിച്ച കോവളം സ്വദേശി റഫീക്ക ബീവി നിലവിൽ ശിക്ഷ കാത്ത് കിടക്കുകയാണ്. വിഴിഞ്ഞം മുല്ലൂരിൽ മോഷണത്തിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിൻപുറത്ത് ഉപേക്ഷിച്ച കേസിലാണ് റഫീക്ക ബീവി ശിക്ഷ കാത്ത് കിടക്കുന്നത്.

കേസിലെ ഒന്നാം പ്രതിയാണ് റഫീഖ ബീവി. ഒരു വർഷം മുമ്പ് നെയ്യാറ്റിൻകര കോടതി തന്നെയാണ് റഫീക്ക ബീവിക്കും കൂട്ടുപ്രതികളായ റഫീക്കയുടെ മകൻ ഷഫീക്ക്, റഫീക്കയുടെ സുഹൃത്ത് അൽ അമീൻ എന്നിവർക്കും ശിക്ഷ വിധിച്ചത്. 2022 ജനുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ശാന്തകുമാരിയുടെ അയൽവാസിയായിരുന്നു റഫീക്കാ ബീവി. ഇവർ വാടകവീടൊഴിഞ്ഞ് പോയതിന് പിന്നാലെ വീട്ടുടമയും മകനും വീട്ടിലെത്തി നോക്കിയപ്പോൾ മച്ചിൽനിന്നു രക്തം പുറത്തേക്കൊഴുകുന്നത് കണ്ടു.

വീട്ടിൽ താമസിച്ചിരുന്ന റഫീഖാ ബീവിയാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് ശാന്തകുമാരിയെ കാണാതായെന്നും അവരാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന്
കേസിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നു. അന്വേഷണത്തിനൊടുവിൽ മോഷണ ശ്രമത്തിലാണ് കൊലപാതകം നടന്നതെന്ന് കണ്ടെത്തുന്നു.

ശാന്തകുമാരിയുടെ കൈവശമുണ്ടായിരുന്ന സ്വർണം മോഷ്ടിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നെന്ന് പൊലീസ് കണ്ടെത്തി. വാടക വീടെടുത്ത് താമസിച്ചതും കവർച്ച ലക്ഷ്യമിട്ടാണെന്നും പൊലീസ് പറഞ്ഞു. ആഭരണങ്ങളിൽ ഒരു ഭാഗം പണയം വച്ചു. ബാക്കി പ്രതികളിൽ നിന്നും കണ്ടെടുത്തു. കൊലയ്ക്കു ശേഷം കോഴിക്കോടിനു പോകാനായി യാത്ര ചെയ്യുമ്പോഴാണ് പ്രതികളെ പിടികൂടിയത്.

അതേസമയം ഇതേകേസിൽ മറ്റൊരു കേസ് കൂടി തെളിഞ്ഞു. മുല്ലൂർ ശാന്തകുമാരിയുടെ കൊലപാതകത്തിലെ ചോദ്യം ചെയ്യലിൽ റഫീഖാ ബീവിയും മകൻ ഷെഫീഖും മറ്റൊരു കൊലക്കേസിലും പ്രതികളാണെന്ന് കണ്ടെത്തി. ഒരു വർഷം മുൻപു ദുരൂഹ സാഹചര്യത്തിൽ മരിച്ച പതിനാലുകാരിയുടേതും കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പ്രതി ഷെഫീഖ് ബലാത്സംഗം ചെയ്‌തത് പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു.

ഷെഫീഖിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്‌ഥാനത്തിൽ കോവളം പൊലീസ് പുനരന്വേഷണം ആരംഭിച്ചു. ആദ്യം ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പെൺകുട്ടിക്ക് ശാരീരികമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. മരുന്നുകൾ കഴിച്ചിരുന്നു. പോസ്‌റ്റ്മോർട്ടത്തിൽ പീഡനം നടന്നതായി സ്‌ഥിരീകരിച്ചുവെങ്കിലും പ്രതി ആരാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ വീടിനു സമീപമുള്ള വാടക വീട്ടിലായിരുന്നു ഷെഫീഖും റഫീഖാ ബീവിയും അന്ന് താമസിച്ചിരുന്നത്.

അതേസമയം ഗ്രീഷ്മയുടെ കേസിലേക്ക് വരുമ്പോൾ പലതവണ ശ്രമം നടത്തി അവസാനമാണ് ഗ്രീഷ്മയുടെ കാമുകനായിരുന്ന യുവാവ് ഷാരോൺ മരണത്തിന് കീഴടങ്ങിയത്. 2022 ഒക്ടോബറിൽ കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു പാറശ്ശാല സ്വദേശിയായ ഷാരോണിന്റെ കൊലപാതകം. പ്രണയ ബന്ധത്തിലായിരുന്ന ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തുന്നു. കേരളക്കര കണ്ട കൊലപാതക പരമ്പരകളിൽ നിന്നും വ്യത്യസ്തമായിരുന്നു ഈ കൊലപാതകം. ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.

ഇതിനിടെ ഗ്രീഷ്മയ്ക്ക് ഒരു സൈനികൻ്റെ വിവാഹാലോചന വരികയും അത് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയും ചെയ്യുന്നു. കഷായം കഴിച്ച ശേഷം വീട്ടിലെത്തിയ ഷാരോണ്‍ അവശനിലയിലായി. തുടര്‍ന്ന് വീട്ടുകാര്‍ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.

പാരസെറ്റമോള്‍ ഗുളികകള്‍ പൊടിച്ച് ജ്യൂസില്‍ കലര്‍ത്തി നല്‍കിയാണ് ആദ്യം കൊലപാതകശ്രമം നടത്തിയത്. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ഇത് നടപ്പിലാക്കിയെങ്കിലും ലക്ഷ്യം വിജയിച്ചില്ല. ജ്യൂസിന് കയ്പ്പാണെന്ന് പറഞ്ഞ് ഷാരോണ്‍ തുപ്പിക്കളഞ്ഞതോടെയാണ് ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടത്. ഇതിനുപിന്നാലെയാണ് കഷായത്തില്‍ വിഷം കലര്‍ത്തിനല്‍കി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

സംഭവദിവസം ഷാരോണുമായി സെക്സ് ചാറ്റ് ചെയ്തതിന് ശേഷം ലൈംഗികബന്ധപ്പെടാമെന്നും വീട്ടിലേക്ക് വരാനും ഗ്രീഷ്മ ആവശ്യപ്പെട്ടു. ഈ വാട്സാപ്പ് ചാറ്റിന്റെ തെളിവുകളും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാരോണ്‍ വീട്ടിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ഒരുഗ്ലാസ് കഷായം ഷാരോണിനെകൊണ്ട് കുടിപ്പിച്ചു. കഷായം കുടിച്ച് വീടിന് പുറത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദിച്ച് അവശനായാണ് പുറത്തുകാത്തിരുന്ന സുഹൃത്തിന്റെ അടുത്തെത്തിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

62 പേജുള്ള കുറ്റപത്രത്തില്‍ ഗ്രീഷ്മയുടെ ക്രിമിനല്‍ സ്വഭാവങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അമ്മയോടും അമ്മാവനോടും ഷാരോണിനെ കൊലപ്പെടുത്തിയ കാര്യം ഗ്രീഷ്മ പറഞ്ഞിരുന്നു. കൊലപാതകത്തില്‍ പങ്കില്ലെങ്കിലും തെളിവുകള്‍ നശിപ്പിക്കാന്‍ ഇരുവരും സഹായിച്ചു. സൈനികനുമായി വിവാഹം ഉറപ്പിച്ചതിന് ശേഷം ഗ്രീഷ്മയുടെ സ്വഭാവത്തില്‍ മാറ്റം വന്നത്. തന്റെ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുള്ളതായി കാമുകനായ ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. അതില്‍ വിശ്വാസമില്ലെന്നു പറഞ്ഞ ഷാരോണ്‍ ബന്ധത്തില്‍നിന്നു പിന്‍മാറാന്‍ തയാറായില്ല. ഇതോടെയാണ് കൊല്ലാന്‍ പദ്ധതി ആസൂത്രണം ചെയ്തത്.

അമ്മാവന്‍ കൃഷിക്ക് ഉപയോഗിച്ച കളനാശിനി കഷായത്തില്‍ കലര്‍ത്തിയത്. ഗ്രീഷ്മയുടെ മൊഴിയിലെ വൈരുദ്ധ്യവും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ നല്‍കിയ വിവരങ്ങളും കേസില്‍ വഴിത്തിരിവായി. വീട്ടിലെത്തിയ ഓട്ടോ ഡ്രൈവര്‍ക്കും ജൂസ് നല്‍കിയതായും കുടിച്ചശേഷം ഡ്രൈവര്‍ക്കും ഛര്‍ദിലുണ്ടായതായും ഗ്രീഷ്മ ഷാരോണിനോടും കുടുംബത്തിനെയും അറിയിച്ചിരുന്നു. തുടര്‍ന്ന് കാരണക്കോണം സ്വദേശിയായ ഡ്രൈവറെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇതെല്ലാം കളവാണെന്നു ബോധ്യമായി.

ചേച്ചിയുടെ സുഹൃത്തായ ഡോക്ടറാണ് കഷായം എഴുതി നല്‍കിയതെന്നു ഗ്രീഷ്മ ഷാരോണിന്റെ വീട്ടുകാരോട് പറഞ്ഞിരുന്നു. കഷായം കുപ്പിയില്‍ ഒഴിച്ചാണ് നല്‍കിയതെന്നും പറഞ്ഞിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ ഡോക്ടര്‍ ഇക്കാര്യം നിഷേധിച്ചു. ഒന്നരവര്‍ഷംമുന്‍പ് ഡോക്ടര്‍ പാറശാലയില്‍നിന്ന് സ്ഥലംമാറി പോയിരുന്നു. പിന്നീട് ഗൂഗിളില്‍ വിഷത്തിനായി സെര്‍ച്ച് ചെയ്ത വിവരങ്ങടക്കം ക്രൈംബ്രാഞ്ച് ഗ്രീഷ്മയെ കാണിച്ചതോടെ കൊലപാതകം സമ്മതിക്കുകയായിരുന്നു. ഈ കുറ്റകൃത്യങ്ങൾ ഒക്കെ ചെയ്യുമ്പോൾ ഗ്രീഷ്മയുടെ പ്രായം 22 വയസായിരുന്നു. വളരെ ലാഘവത്തോടെ നിരവധി തവണ പാളിപ്പോയിട്ടും വളരെ കൃത്യതയോടെ നടത്തിയ ഒരു കൊലപാതകം. ഷാരോണിന്റെ മരണവാർത്ത കേരളം ഞെട്ടലോടെയായിരുന്നു കേട്ടത്.

Read more