കോതമംഗലം കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വയ്ക്കും. കിണറ്റിലെ വെള്ളം വറ്റിച്ചശേഷം മയക്കുവെടി വെയ്ക്കാനാണ് തീരുമാനം. കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി മലയാറ്റൂർ ഡിഎഫ്ഒ അറിയിച്ചു.
പുലർച്ചെ രണ്ട് മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്. കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണിപ്പോൾ ആനയെ മയക്കുവെടിവയ്ക്കാൻ തീരുമാനമായത്. നേരത്തെ ആനയെ മയക്കുവെടിവെച്ച് കൊണ്ടുപോകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ കിണറ്റിലാണ് കാട്ടാന വീണത്. സ്വയം കിണറിടിച്ച് പുറത്തിറങ്ങാനുള്ള ആനയുടെ ശ്രമം വിജയിച്ചില്ല. ആന ക്ഷീണിതനാണ്. പരിക്കേൽക്കുകയും ചെയ്തു. നഷ്ടപരിഹാരം വേണമെന്നും ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ പ്രതിഷേധിച്ചിരുന്നു. ജനപ്രതിനിധികളുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് കോതമംഗലം എംഎൽഎ ആന്റണി ജോൺ അടക്കം സ്ഥലത്തെത്തി. ആനയെ പുറത്തെത്തിക്കുന്ന ദൗത്യം നീളുമെന്നാണ് വിലയിരുത്തുന്നത്. ചൂട് കുറഞ്ഞ ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക.