പിപിഇ കിറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിഎജി നടത്തുന്നത് കേരളത്തിനതെിരായ കുരിശുയുദ്ധമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. പിപിഇ കിറ്റ് വിവാദത്തില്‍ സര്‍ക്കാരിനെ ചെളിവാരിത്തേക്കാനാണ് ശ്രമം. പിപിഇ കിറ്റ് ആണെങ്കില്‍ നൂറ് മുതല്‍ ആയിരമോ രണ്ടായിരമോ വിലയുടെ കിട്ടുമെന്ന് പറയുന്നു. ഏത് ക്വാളിറ്റിയിലുള്ളതാണ് കിട്ടുമെന്ന് പറയുന്നത്. എന്ത് ഡാറ്റയാണവര്‍ താരതമ്യപ്പെടുത്തിയതെന്നും ഐസക്ക് ചോദിച്ചു.
സകല ഭരണഘടനാ സ്ഥാപനങ്ങളേയും ബിജെപി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. അതിന് കൈമണിയടിക്കലാണ് ഇവിടുത്തെ പ്രതിപക്ഷത്തിന്റെ പരിപാടിയെന്ന് ഐസക്ക് പറഞ്ഞു.
കോവിഡ് മഹാമാരിയുടെ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് നടത്തിയ ക്രമക്കേടാണ് പുറത്തുവന്നിരിക്കുന്നത്. 10.23 കോടി രൂപയുടെ അധികബാധ്യത ഇതുവഴി സംസ്ഥാന സര്‍ക്കാരിനുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുകൂടാതെ പൊതുവിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. 2020 മാര്‍ച്ച് 28 ന് പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് വാങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
Read more
കെകെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെയാണ് ഇടപാട് നടന്നത്. പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കിറ്റുകള്‍ നല്‍കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ സ്ഥിരം വിതരണക്കാരായ 3 പേരുള്‍പ്പെടെ നാല് സ്ഥാപനങ്ങള്‍ തയ്യാറായിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.