ഉമ്മിനിയില്‍ തള്ള പുലി ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു. ആന്തരിക രക്തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മണ്ണുത്തി വെറ്റിനറി കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
തൃശൂര്‍ അകമലയിലെ വനം വകുപ്പ് ചികിത്സാ കേന്ദ്രത്തില്‍ പരിചരണത്തില്‍ ആയിരുന്നു പുലി കുട്ടി. വനപാലകരുടെ പരിചരണത്തില്‍ പുലിക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു.
എന്നാല്‍ പുലി കുഞ്ഞിനു കുറച്ച് ദിവസങ്ങളായി ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു. ഇന്ന് ഉച്ചക്ക് ശേഷമാണ് മരണം സംഭവിച്ചത്.
പാലക്കാട് ജില്ലയിലെ ഉമ്മിനിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും ജനുവരിയിലാണ് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. ഇതില്‍ ഒന്നിനെ പിന്നീട് അമ്മപ്പുലി വന്ന് കൊണ്ടു പോയെങ്കിലും രണ്ടാമത്തെ കുഞ്ഞിനെ തേടി അമ്മപ്പുലി എത്തിയില്ല. പുലി വരുമ്പോള്‍ പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ച് കാത്തിരുന്നെങ്കിലും വിഫലമായി. തുടര്‍ന്ന് അവശനിലയിലായ പുലിക്കുഞ്ഞിനെ അകമലയിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.