വെള്ളായണി പറക്കാട്ട് കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ അറിയിച്ചു. ജൂണ്‍ 28ന് മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
കുട്ടികള്‍ മരിച്ച പറക്കാട്ട് കുളത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയത പരിഹരിക്കും വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവയ്ക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാഗം റഹീം നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. വേനല്‍ക്കാലത്ത് കുളത്തില്‍ നിര്‍മ്മിച്ച കിണറില്‍ അകപ്പെട്ടാകാം കുട്ടികള്‍ മരിച്ചതെന്നും പരാതിയില്‍ പറയുന്നു.
ഏറെക്കാലമായി ഉപയോഗ ശൂന്യമായി കിടന്ന കുളം സമീപകാലത്താണ് നവീകരിക്കാന്‍ ആരംഭിച്ചത്. കുളം നവീകരിക്കുമ്പോള്‍ അതിനുള്ളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. നിര്‍ദ്ധന കുടുംബങ്ങളിലെ രണ്ട് കുട്ടികളാണ് മരിച്ചത്.
കുളത്തിനുള്ളില്‍ അപകടം നിലനിറുത്തി അപകടം ക്ഷണിച്ചുവരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കി കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കുളത്തില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് ബോര്‍ഡും ഇവിടെ സ്ഥാപിച്ചിരുന്നില്ലെന്ന് പരാതിയിലുണ്ട്.
Read more
കഴിഞ്ഞ ദിവസം നേമം വിക്ടറി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളും അയല്‍ക്കാരുമായ മുഹമ്മദ് ബിലാലും മുഹമ്മദ് ഇഹ്‌സാനുമാണ് പറക്കാട്ട് കുളത്തില്‍ മുങ്ങി മരിച്ചത്.