കാട്ടാക്കടയില്‍ പിതാവിനെ മകളുടെ മുന്നില്‍വെച്ച് മര്‍ദ്ദിച്ച കേസില്‍ പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷ അഡീഷനല്‍ സെഷന്‍സ് കോടതി 28 ന് പരിഗണിക്കും. കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെറീഫ്, സുരക്ഷാ ജീവനക്കാരന്‍ എസ് ആര്‍ സുരേഷ് അസിസ്റ്റന്റ് സി പി മിലന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.
സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി വിവാദമായതിടെയാണ് ഇത്തരത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് വാദം. എന്നാല്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന ആരോപണം ശക്തമാണ്.
പ്രതികളെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസാണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണവും വിവാദമായിത്തീര്‍ന്നിരുന്നു. പ്രതികള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങളുണ്ട്. പൊലീസിന് വീഴ്ചയുണ്ടായെന്ന് പറയാന്‍ സാധിക്കില്ല. എവിടെ ഒളിച്ചാലും പൊലീസ് പ്രതികളെ കണ്ടുപിടിക്കും. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടുക അത്ര എളുപ്പമല്ലെന്നുമാണ് ആന്റണി രാജു കഴിഞ്ഞ ദിവസം പ്രതികരിച്ചത്,.
കഴിഞ്ഞ ചൊവ്വാഴ്ച മകളുടെ കണ്‍സെക്ഷന്‍ പുതുക്കുന്നതിനായി കട്ടാക്കട ഡിപ്പോയിലെ കൗണ്ടറിലെത്തിയ പ്രേമനെയും മകളെയും ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു. കണ്‍സെക്ഷന്‍ പുതുക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു.