ബസ് യാത്രക്കാരെ കണ്ടക്ടര്‍ അസഭ്യം പറഞ്ഞ സംഭവത്തില്‍ കെഎസ്ആര്‍ടിസി പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. കണ്ടക്ടര്‍ക്കെതിരെ കെഎസ്ആര്‍ടിസി ഇന്ന് നടപടി സ്വീകരിച്ചേക്കും. ആറ്റിങ്ങലില്‍ നിന്നും ചിറയിന്‍കീഴ് വഴി മെഡിക്കല്‍ കോളേജിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ ഷീബയാണ് യാത്രക്കാരോട് മോശമായി പെരുമാറിയത്.
കെഎസ്ആര്‍ടിസി ആസ്ഥാനത്തുനിന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഇന്‍സ്‌പെക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ആരോപണവിധേയയായ കണ്ടക്ടറുടെ ആരോഗ്യ പ്രശ്‌നങ്ങളും ചിറയിന്‍കീഴില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലാത്ത അവസ്ഥയും യാത്രക്കാരില്‍ ചിലര്‍ പ്രകോപനം സൃഷ്ടിച്ചതും സംഭവത്തിന് കാരണമായിട്ടുണ്ടെന്ന് ഇതര ജീവനക്കാര്‍ പറഞ്ഞു.
കണ്ടക്ടര്‍ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാര്‍ കയറിയതാണ് പ്രകോപന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. ‘ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല’ എന്ന് കണ്ടക്ടര്‍ യാത്രക്കാരോട് പറഞ്ഞു. കൈക്കുഞ്ഞുമായി എത്തിയവരെ വരെ അസഭ്യം പറഞ്ഞ് കണ്ടക്ടര്‍ ഇറക്കിവിട്ടു എന്നാണ് യാത്രക്കാര്‍ പറയുന്നത്.