പണം വകമാറ്റി ചെലവഴിച്ച മുന്‍ ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ നടപടി സാധൂകരിച്ച് സംസ്ഥാന സര്‍ക്കാര്‍. പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന് അുവദിച്ച തുക വകമാറ്റി വില്ലകളും ഓഫീസും പണിത നടപടിയാണ് സര്‍ക്കാര്‍ ശരിവെച്ചത്. ചട്ടപ്രകാരമുള്ള നടപടി ഇല്ലാതെ ഭാവിയില്‍ ഇതാവര്‍ത്തിക്കരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ബെഹ്‌റയുടെ നടപടി സാധൂകരിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്‌സിന് വേണ്ടി 4.33 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പൊലീസ് വകുപ്പിന്റെ ആധുനികവല്‍കരണം എന്ന സ്‌കീമില്‍ ഉള്‍പ്പെടുത്തി 30 ക്വാട്ടേഴ്‌സുകള്‍ നിര്‍മിക്കാനാണ് തുക അനുവദിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ ക്വാട്ടേഴ്‌സിന് പകരം തിരുവനന്തപുരം വഴുതക്കാട്ട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ നിര്‍മിക്കുകയായിരുന്നു. ഓഫീസുകളും പണിതിരുന്നു.
സംസ്ഥാന പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, രണ്ട് വില്ലകള്‍ മറ്റ് അനുബന്ധ ഓഫീസുകള്‍ എന്നിവയാണ് നിര്‍മ്മിച്ചത്. സിഎജിയാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഈ നടപടിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ജൂലൈ 27 ലെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.