ചേലക്കരയിൽ പണം പിടികൂടിയ സംഭവം; പിന്നിൽ കോൺഗ്രസെന്ന് സിപിഎം, 'പാലക്കാട്ടെത്തിച്ച പണത്തിന്റെ പങ്ക് ചേലക്കരയിലും എത്തിച്ചു'

ചേലക്കരയിൽ പണം പിടികൂടിയ സംഭവത്തിന് പിന്നിൽ കോൺഗ്രസ്സ് എന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. പാലക്കാട്ടെത്തിച്ച പണത്തിന്റെ പങ്ക് ചേലക്കരയിലും എത്തിച്ചു. അതേസമയം പാലക്കാട്ട് വ്യാജ വോട്ടാരോപണവും സിപിഎം ഉന്നയിച്ചു.

കോൺഗ്രസും ബിജെപിയും വ്യാപകമായി വ്യാജ വോട്ട് ചേർത്തുവെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. 177ാം ബൂത്തിലെ 37 വോട്ടർമാർ ആ പ്രദേശത്തുള്ളവരല്ല. മറ്റ് മണ്ഡലങ്ങളിലെ വോട്ടർമാരെ ഇവിടെ ചേർത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണം. മരിച്ചവരുടെ പേരിൽ പോലും വ്യാജ ഐഡി ഉണ്ടാക്കിയിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് 25 ലക്ഷം രൂപയാണ് ഇലക്ഷന്‍ സ്‌ക്വാഡ് പിടികൂടിയത്. ചെറുതുരുത്തിയില്‍ നിന്നാണ് പണം പിടികൂടിയത്. വാഹനത്തില്‍ നിന്നാണ് ഇലക്ഷന്‍ സ്‌ക്വാഡ് പണം കണ്ടെത്തിയത്. കുളപ്പുള്ളിയില്‍ നിന്ന് കലാമണ്ഡലത്തിലേക്ക് വരികയായിരുന്ന വാഹനത്തിലായിരുന്നു പണം.

കുളപ്പുള്ളി സ്വദേശികളായ മൂന്നംഗ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. പണം പിടികൂടിയതിന് പിന്നാലെ ഇലക്ഷന്‍ സ്‌ക്വാഡ് മൂന്നംഗ സംഘത്തെ ചോദ്യം ചെയ്യുകയാണ്. വാഹനത്തിന്റെ സീറ്റിനടിയില്‍ നിന്നാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ 25 ലക്ഷം രൂപ കണ്ടെടുത്തത്. വാഹനം പരിശോധിക്കുമ്പോഴാണ് ബാഗ് സ്‌ക്വാഡിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

Read more