കൊല്ലം പത്തനാപുരത്ത് ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും തലവൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നു വീണതിന് കാരണം നിര്‍മ്മാണത്തിലെ പിഴവാണെന്ന് പ്രാഥമിക കണ്ടെത്തല്‍. സര്‍ക്കാര്‍ സ്ഥാപനം നിര്‍മ്മിതി കേന്ദ്രയിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കരാറുകാരന് വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയത്. നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍ ഡോ. ഫെബി വര്‍ഗീസ്, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ആര്‍ ജയന്‍ എന്നിവരാണ് പരിശോധന നടത്തിയത്.
തകര്‍ന്ന സീലംഗുകള്‍ വേഗം നിര്‍മ്മിക്കാനും ഉദ്യോഗസ്ഥര്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് വേണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തു നല്‍കി. ആവശ്യമായി വന്നാല്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും എംഎല്‍എ പറഞ്ഞിരുന്നു.
കെട്ടിടത്തിന് ചോര്‍ച്ചയുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നു. ഇതിന്റെ നിര്‍മ്മാണത്തിന്റെ ബില്‍ പൂര്‍ണമായും കൈമാറിയിട്ടില്ല. ഒരു അഴിമതിയും അനുവദിക്കില്ല. എക്സിക്യൂട്ടീവ് എഞ്ചനീയര്‍ സ്ഥലത്ത് പരിശോധന നടത്തുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രധാന കെട്ടിടത്തിലെ ജിപ്സം ബോര്‍ഡ് സീലിംഗാണ് തകര്‍ന്നത്. കെട്ടിടത്തില്‍ രോഗികള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. രണ്ടുമാസം മുമ്പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 3 കോടി രൂപ ചെലവിട്ടാണ് ആശുപത്രിക്ക് വേണ്ടി പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
ഈ ആയുര്‍വേദ ആശുപത്രി നേരത്തെയും വാര്‍ത്തകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിനെ തുടര്‍ന്നും ഉദ്ഘാടനം നടത്തുന്നതിന് മുമ്പ് തന്നെ ടൈലുകളടക്കം ഇളകിപ്പോയതിനെ തുടര്‍ന്നും കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ആശുപത്തരി അധികൃതരെ ശകാരിച്ചിരുന്നു. ഈ സംഭവം അന്ന് വിവാദമായിരുന്നു. അതേസമയം ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടായിട്ടുണ്ടെന്നും ആരോപണം ഉയരുന്നു.