ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകള്‍. മിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയും ആക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.
വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കണ്‍സഷന്‍ നിരക്കില്‍ മാറ്റം വരുത്തരുതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാതെയുള്ള ബസ് ചാര്‍ജ് വര്‍ദ്ധന വേണ്ടെന്ന നിലപാടിലാണ് ബസ്സുടമകള്‍. ബസ് ഉടമ സംയുക്ത സമിതി യോഗത്തിന്റേതാണ് തീരുമാനം.
മിനിമം ചാര്‍ജ് 10 ആക്കാമെന്നും വിദ്യാര്‍ത്ഥികളുടെ നിരക്ക് ആറ് രൂപയാക്കാന്‍ പറ്റില്ല ഒന്നര രൂപയാക്കാം എന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. ബസ് ചാര്‍ജ് വര്‍ദ്ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്നാണ് ഗതാഗത മന്ത്രി ഉറപ്പ് നല്‍കിയത.് എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടി ഉണ്ടായില്ല. ഡിസംബര്‍ 21 നുള്ളില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കും എന്നാണ് ബസ്സുടമകള്‍ പറയുന്നത്.
ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ല എന്നും മന്ത്രി പറഞ്ഞിരുന്നു. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു നാളെ ചര്‍ച്ച നടത്തും. തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വെച്ച് നാളെ വൈകുന്നേരം നാല് മണിക്കാണ് ചര്‍ച്ച.