മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വര്‍ദ്ധിപ്പിക്കും. പൊലീസിനൊപ്പം വ്യവസായ സുരക്ഷാ സേനയെ കൂടി ക്ലിഫ് ഹൗസില്‍ വിന്യസിക്കും. തുടര്‍ച്ചയായ സുരക്ഷാ വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
ആയുധധാരികള്‍ ഉള്‍പ്പെടെ 20 വ്യവസായ സുരക്ഷാ സേനാംഗങ്ങളെ ഉടനെ വിന്യസിക്കും. നിലവിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സ് ഉള്‍പ്പെടെയുള്ള 60 പൊലീസുകാര്‍ക്ക് പുറമേയാണ് ഇത്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെ റോഡ് പൂര്‍ണ്ണമായും സിസിടിവിയുടെ നിരീക്ഷണത്തിലാക്കാനും ശിപാര്‍ശയുണ്ട്.
കഴിഞ്ഞ ദിവസം സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന്റെ വളപ്പില്‍ അതിക്രമിച്ച് കയറി സര്‍വേ കല്ല് സ്ഥാപിച്ചിരുന്നു. ഇതുള്‍പ്പടെയുള്ള ഗുരുതര സുരക്ഷാ വീഴചകള്‍ തുടരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി സുരക്ഷ കൂട്ടിയത്.
മുഖ്യമന്ത്രിയുടേയും നാല് സീനിയില്‍ മന്ത്രിമാരുടേയും വസതികള്‍ സ്ഥിതി ചെയ്യുന്ന ക്ലിഫ് ഹൗസ് മന്ദിരം കേരളത്തിലെ അതീവ സുരക്ഷാ മേഖലയാണ്.സുരക്ഷാ ഉദ്യഗേസ്ഥരുടെ കണ്ണ് വെട്ടിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസില്‍ കടന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്.
മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് 250 മീറ്റര്‍ മാറിയുള്ള ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ മുതല്‍ അതിസുരക്ഷാ നിയന്ത്രണ മേഖലയാണ്. അനുവാദമില്ലാതെ ആരെയും പ്രവേശനം അനുവദികകില്ല. നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.