തിരുവല്ല ഏരിയാ കമ്മിറ്റിയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നേതാക്കൾക്കിടയിൽ പണസമ്പാദന പ്രവണത വർദ്ധിക്കുകയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. മാത്രമല്ല വിഭാഗീയ പ്രവർത്തനം അനുവദിക്കില്ലെന്നും തിരുവല്ലയിൽ പാർട്ടിയിലെ ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് എം വി ഗോവിന്ദൻ വിമർശനം ഉന്നയിച്ചത്. ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുമായി സംസാരിക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. തിരുവല്ല വിഭാഗീയതയുടെ തുരുത്തായി മാറി എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. നല്ല കേഡർമാർ പാർട്ടി ഉപേക്ഷിച്ചു പോവുകയാണെന്നും മൂല്യശോഷണം സംഭവിച്ചവർക്ക് പാത എളുപ്പമാകുന്നുവെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
പാർട്ടി ആൾക്കൂട്ടമായി മാറി. പാർട്ടിയുടെ മെറിറ്റും മൂല്യങ്ങളും അട്ടിമറിക്കുന്ന പ്രവർത്തനം ജില്ലയിൽ നടക്കുന്നുണ്ട്. സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കെതിരെ ഒട്ടേറെ പരാതികൾ സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്നു. പേര് വയ്ക്കാത്ത പരാതികളാണ് ലഭിക്കുന്നത്. ഭയംകൊണ്ട് പേര് വെക്കുന്നില്ല എന്നാണ് കത്തിൽ പറയുന്നതെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.