സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ടിന് ശേഷം പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തി സിപിഎം

ഇന്ത്യ സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ടിന് ശേഷം പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ  സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിൽ ദേശീയ പതാക ഉയർത്തി. പതാക ഉയർത്തലിൽ ആഘോഷം അവസാനിക്കില്ലെന്നും, ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സ്വാതന്ത്ര്യ സമര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പോരാളികളുടെ സ്വപ്‌ന സാക്ഷാത്കരണത്തിന്റെ ദിനമാണ് സ്വാതന്ത്ര്യ ദിനമെന്ന് എ വിജയരാഘവന്‍ പതാക ഉയര്‍ത്തിയ ശേഷം പ്രതികരിച്ചു.

സ്വാതന്ത്ര്യ സമരകാലത്തും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാനും ജീവിതാവകാശങ്ങള്‍ സാധാരണക്കാര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ അണിനിരന്ന പാരമ്പര്യമാണ് ഇടത്പക്ഷത്തിന് എന്നും സംസ്ഥാന ആക്ടിങ് സെക്രട്ടറി വ്യക്തമാക്കി.

സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമർശിച്ച കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് വിജയരാഘവൻ മറുപടിയും നൽകി. 1947 ഓഗസ്റ്റ് 15ന് സംസ്ഥാന ഓഫീസിന് മുൻപിൽ ദേശീയ പതാക ഉയർത്തിയിട്ടുണ്ടെന്നും, സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് സുധാകരൻ കമ്യൂണിസ്റ്റുകളെ വിമർശിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാനും ജീവിതാവകാശങ്ങള്‍ സാധാരണക്കാര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇടത് പക്ഷം അണിനിരന്നു. അധികാരത്തിലെത്തിയപ്പോള്‍ ഇടത്പക്ഷം സമരകാലത്ത് ഉയര്‍ത്തിയ കാര്‍ഷിക പരിഷ്‌കരണത്തിന് മുന്‍ കയ്യെടുത്തു. പാവപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Read more

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിന് മുൻപിൽ എംവി ജയരാജൻ പതാക ഉയർത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംസ്ഥാനത്ത് വിപുലമായ പരിപാടികളാണ് നടക്കുന്നത്.