കൊച്ചിയിലെ പ്രതിഷേധക്കടല്‍, അമ്പരപ്പ് പ്രകടിപ്പിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍, അവഗണിച്ച് ദേശാഭിമാനിയും ജന്മഭൂമിയും

പൗരത്വ നിയമത്തിനെതിരെ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന കൂറ്റന്‍ പ്രതിഷേധ ജാഥയ്ക്ക് കേരളത്തിലേയും ഇന്ത്യയിലെ പ്രമുഖ പത്രങ്ങളെല്ലാം വലിയ പ്രാധാന്യമാണ് നല്‍കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ്സ്, ടെലഗ്രാഫ് തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങള്‍ ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

മാധ്യമവും മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെയുള്ള മലയാള പത്രങ്ങളും ഒന്നാം പേജില്‍ ചിത്രസഹിതം വലിയ തലക്കെട്ടുകളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. എന്നാല്‍ സിപിഐഎം മുഖപത്രമായ ദേശാഭിമാനിയും ആര്‍എസ്എസ് മുഖപത്രമായ ജന്മഭൂമിയും ഈ പ്രതിഷേധ ജാഥയോട് തണുപ്പന്‍ പ്രതികരണമാണ് സ്വീകരിച്ചത്. ദേശാഭിമാനി കൊച്ചി എഡിഷനില്‍ പ്രാദേശിക പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ ജന്മഭൂമി അങ്ങനെയൊരു വാര്‍ത്തയെ കണ്ടതേയില്ല.

അതെസമയം ഇന്ത്യ ദര്‍ശിച്ചതില്‍ ഏറ്റവും വലിയ പ്രതിഷേധം കൊച്ചിയില്‍ അരങ്ങേറിയിട്ടും പൗരത്വ ബില്ലിനെതിരെ നിലപാടെടുക്കുന്ന സിപിഐഎമ്മിന്റെ മുഖപത്രം ഈ വാര്‍ത്ത തമസ്‌കരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സിപിഐഎമ്മിന്റെ നേതൃത്വത്തിലല്ലാതെ നടക്കുന്ന സമരങ്ങളോട് പാര്‍ട്ടിയ്ക്കുളള തൊടുകൂടായ്മയുടെ ഉദാഹരണമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ആരോപിയ്ക്കുന്നത്.

പ്രതിഷേധ പ്രകടനത്തിന് ശേഷം ചേര്‍ന്ന പൊതുയോഗത്തില്‍ നിന്നും സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ആരും തന്നെ എത്താത്തും ശ്രദ്ധേയമായി. കോണ്‍ഗ്രസിന്റേയും ലീഗിന്റേയും എംപിമാരും എംഎല്‍എമാരുമടക്കം നിരവധി ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തപ്പോഴാണ് സിപിഐഎം അംഗങ്ങള്‍ വിട്ടുനിന്നത്.

Read more

ഏകദേശം അഞ്ച് ലക്ഷത്തോളം പേരാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ റാലിയില്‍ കൊച്ചിയില്‍ അണിനിരന്നത്. കേരളത്തിലെ പ്രമുഖ മുസ്ലിം സംഘടന നേതാക്കളെല്ലാം റാലിയിലും തുടര്‍ന്നു നടന്ന പൊതുയോഗത്തിലും പങ്കെടുത്തിരുന്നു.