ഇന്ത്യയുടെ ആളില്ല ചെറുവിമാനം (യുഎവി) പാക്ക് അധിനിവേശ കാശ്മീരില്‍. പരിശീലന പറക്കലിനിടെയാണ് വിമാനം അതിര്‍ത്തി കടന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം അതിര്‍ത്തി കടന്നതെന്ന് വ്യോമസേന വ്യക്തമാക്കി. ഇന്ത്യന്‍ ഭൂപ്രദേശത്ത് പരിശീലന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെ മിനി യു.എ.വിയാണ് പാക് പ്രദേശത്ത് പതിച്ചത്.
ഇന്ത്യയുടെ ഭീംബര്‍ ഗലി സെക്ടറില്‍ നിന്ന് നിയന്ത്രണംവിട്ട ചെറുവിമാനം പാകിസ്താനിലെ നിക്കിയല്‍ സെക്ടറിലേക്ക് നീങ്ങുകയായിരുന്നു. അതിര്‍ത്തി കടന്നെത്തിയ ചെറുവിമാനം പാകിസ്താന്‍ പിടിച്ചെടുത്തു. ഇതു തിരികെ നല്‍കണമെന്നു പാക്കിസ്ഥാന്‍ സൈനികര്‍ക്കു സന്ദേശം നല്‍കിയതായി അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ കരസേനയാണ് ഇത്തരമൊരു സന്ദേശം കൈമാറിയിരിക്കുന്നത്.
രാവിലെ 9.25നാണു സംഭവം. ഇന്ത്യയുടെ ഭിംബര്‍ ഗലി പ്രദേശത്തിന് എതിരായിട്ടുള്ള നികിയല്‍ പ്രദേശത്തേക്കാണു യുഎവി നീങ്ങിയത്. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം കര്‍ശന നിരീക്ഷണം തുടരുകയാണ്. ജമ്മു കശ്മീരില്‍ ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 14ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ അതിര്‍ത്തികളിലെ സുരക്ഷ വിലയിരുത്തുന്നതിനായി യോഗം ചേര്‍ന്നിരുന്നു.