കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുള്ള പുക ജനങ്ങളില്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുകയ്‌ക്കൊപ്പം ആരോഗ്യത്തിന് ഹാനികരമാകുന്ന ഒട്ടേറെ വാതകങ്ങളും വമിക്കുന്നുണ്ട്. ചുമ, ശ്വാസംമുട്ട്, കണ്ണുനീറ്റല്‍, ഛര്‍ദി, ക്ഷീണം, കയ്പുരസം, തലവേദന മുതലായ ലക്ഷണങ്ങളോടെ സമീപവാസികള്‍ ചികിത്സ തേടുന്നുണ്ട്. ആസ്ത്മ, സി.ഒ.പി.ഡി. പോലുള്ള ശ്വാസകോശ രോഗമുള്ള ചില രോഗികള്‍ സ്ഥിതി വഷളായി ആശുപത്രിയില്‍ അഡ്മിറ്റാകുന്നുണ്ട്.
ദീര്‍ഘകാല പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ പ്രവചിക്കാനാവാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഐ.എം.എ. കൊച്ചി പ്രസിഡന്റ് ഡോ. എസ്. ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോര്‍ജ് തുകലന്‍ എന്നിവര്‍ പറഞ്ഞു.
എന്‍ 95 പോലുള്ള മാസ്‌കുകള്‍ പൊടിപടലങ്ങള്‍, അന്തരീക്ഷത്തിലെ ചെറു കണങ്ങള്‍ എന്നിവ തടയുമെങ്കിലും ഇവ വാതകങ്ങളെ പ്രതിരോധിക്കില്ലെന്ന് ഐ.എം.എ. ചൂണ്ടിക്കാട്ടി.
പുകയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ അടക്കമുള്ള രാസപദാര്‍ഥങ്ങള്‍, വാതകങ്ങള്‍ എന്നിവ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കും. ഇവ ജല സ്രോതസ്സുകളിലും കൃഷിസ്ഥലങ്ങളിലും ക്രമേണ പതിക്കുമ്പോള്‍ പിന്നീട് ഭക്ഷണം, കുടിവെള്ളം എന്നിവയിലൂടെ മനുഷ്യരില്‍ എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്നും ഐ.എം.എ. സയന്റിഫിക് അഡൈ്വസര്‍ ഡോ. രാജീവ് ജയദേവന്‍ വ്യക്തമാക്കി.