നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സി.പി.ഐ.എം 23-ാം പാർട്ടി കോൺഗ്രസ് കേരളത്തിൽ നടത്താൻ ആലോചന.
പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്തണമെന്ന് കേരളം ഘടകം ശിപാർശ ചെയ്തെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ കേന്ദ്ര കമ്മിറ്റി മറ്റന്നാൾ തീരുമാനമെടുക്കും.
എന്നാൽ തമിഴ്നാടും പാർട്ടി കോൺഗ്രസ് വേദിയാക്കുന്നത് പരിഗണനയിലാണ്. പ്രതിനിധികളുടെ എണ്ണം, യാത്രാസൗകര്യം എന്നിവയെല്ലാം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
മുമ്പ് കേരളത്തിൽ പാലക്കാട്, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലും പാർട്ടി കോൺഗ്രസ് നടന്നിട്ടുണ്ട്. എന്നാൽ പാർട്ടിക്ക് ഏറ്റവും കൂടുതൽ മെമ്പർമാരുള്ള കണ്ണൂരിൽ പ്രത്യേക പരിഗണന വേണമെന്നാണ് ആവശ്യം.
പത്ത് വർഷം മുമ്പ് 20-ാം പാർട്ടി കോൺഗ്രസ് കോഴിക്കോട് വച്ച് ചേർന്നത് കേരളത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായേക്കും. തുടർന്ന് 21-ാം പാർട്ടി കോൺഗ്രസ് വിശാഖപട്ടണത്തും 22-ാം പാർട്ടി കോൺഗ്രസ് ഹൈദരാബാദിലുമാണ് നടന്നത്.
അതേസമയം പാർട്ടി കോൺഗ്രസ് 2022 ഫെബ്രുവരി അവസാനം നടത്താൻ പാകത്തിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം നേരത്തെ തീരുമാനിച്ചിരുന്നു.
ഇക്കൊല്ലം ജൂലൈ ആദ്യവാരം മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കാനായിരുന്നു തീരുമാനം. ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പാർട്ടി കോൺഗ്രസ് കോവിഡ് മഹാമാരിയും ലോക്ക്‌ഡൗണും നിയമസഭ തിരഞ്ഞെടുപ്പുകളും കാരണം മാറ്റിവെയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു.