മാണി സി. കാപ്പന്‍ എന്‍.സി.പിയിലേക്കെന്ന് സൂചന, ശരദ് പവാറുമായി ചര്‍ച്ച നടത്തി

മാണി സി കാപ്പന്‍ എം.എല്‍.എ വീണ്ടും എന്‍.സി.പിയിലേക്ക് എന്ന് സൂചന. എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കാപ്പന്‍ ചര്‍ച്ച നടത്തി. പി.സി ചാക്കോയുടെ നേതൃത്വത്തിലാണ് കാപ്പനെ തിരികെ എ.സി.പിയിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തുന്നത്. എ.കെ.ശശീന്ദ്രന് പകരം മന്ത്രിയാക്കാമെന്നുള്ള വാഗ്ദാനം നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് തര്‍ക്കത്തിന് പിന്നാലെ എന്‍.സി.പി വിട്ട മാണി സി കാപ്പന് തിരികെ പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ളതായാണ് അറിയുന്നത്. പി.സി ചാക്കോയുമായി നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. മാണി സി കാപ്പന് മന്ത്രിസ്ഥാനം നല്‍കാമെന്ന് പി.സി ചാക്കോ വാഗ്ദാനം ചെയിട്ടുണ്ടെന്നാണ് വിവരം.

കാപ്പന് മന്ത്രി സ്ഥാനം നല്‍കിയാല്‍ എ.കെ ശശീന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാകും. പി.സി ചാക്കോയ്ക്ക് രാജ്യസഭ സീറ്റും കിട്ടും. എന്നാല്‍ പി.സി ചാക്കോയുടെ നീക്കത്തില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെന്നാണ് സൂചന.

Read more

നിയമസഭ തിരഞ്ഞടുപ്പില്‍ നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) എന്ന പാര്‍ട്ടി രൂപീകരിച്ച കാപ്പന്‍, പാലായില്‍ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ് കഴിഞ്ഞ തവണ ജയിച്ചത്.