വി ഡി സതീശനെതിരായ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിൽ പ്രതികരിച്ച് മുൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആര് മുഖ്യമന്ത്രിയാകണം എന്നത് സംബന്ധിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്ക് ഉണ്ടെന്ന് ചെന്നിത്തല പറഞ്ഞു. താൻ ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ജനങ്ങൾക്ക് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി തനിക്ക് ഒരു സ്ഥാനവുമില്ല. രമേശ് ചെന്നിത്തലയ്ക്ക് ഒരു സ്ഥാനവും വേണമെന്നില്ല. നാളെയും ഇതുപോലെ തന്നെ തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നേതാവാണ് രമേശ് ചെന്നിത്തലയെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.
അതേസമയം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ ചരിത്ര വിജയത്തില്‍ വര്‍ഗീയത കണ്ടെത്തിയ സിപിഎം പിബി അംഗം എ വിജയരാഘവന്റെ പരാമര്‍ശത്തിലൂടെ പുറത്തുവന്നത് ന്യൂനപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ സംഘപരിവാര്‍ അജണ്ടയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും പ്രതികരിച്ചു. കടുത്ത ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ച് സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണ്. ആര്‍എസ്എസ് വത്കരണമാണ് സിപിഎമ്മില്‍ നടക്കുന്നത്. അതിന് തെളിവാണ് വിജയരാഘവന്റെ വാക്കുകള്‍. സിപിഎം നേരിടുന്ന ആശയ ദാരിദ്ര്യവും ജീര്‍ണതയുമാണ് പ്രകടമായതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.