സംസ്ഥാനത്തെ മദ്യവിൽപനശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ 175 പുതിയ ബെവ്‌കോ ഔട്‍ലെറ്റുകൾ കൂടി തുറക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ, സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് നിർദ്ദേശിച്ചതെന്നും പുതിയ മദ്യശാലകൾ തുടങ്ങാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തത വരുത്തി.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലായിരിക്കണം ബെവ്‌കോ ഔട്‍ലെറ്റുകളുടെ പ്രവർത്തനമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സ്വീകരിച്ച് വരുന്ന നടപടികൾ സർക്കാർ കോടതിയെ അറിയിക്കും. ആവശ്യമായ സൗകര്യങ്ങളില്ലാത്ത ബെവ്‌കോ ഔട്‍ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ പുരോഗതിയും സർക്കാർ കോടതിയെ ധരിപ്പിക്കും.