കളമശേശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വർഗീയ പ്രചാരണ നടത്തിയ സോഷ്യൽ മീഡിയ പേജുകൾക്കെതിരെ പരാതിയുമായി ഐഎൻഎൽ. ഇതുമായി ബന്ധപ്പെട്ട് ഐഎൻഎൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് ഡിജിപിക്ക് പരാതി നൽകി.
ബിജെപി നേതാവ് സന്ദീപ് വാര്യർക്കും, വിഎച്പി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല, ഓൺലൈൻ ചാനലിന്‍റെ എഡിറ്റർ ഷാജൻ സ്കറിയ,തുടങ്ങിയവർക്കും ‘കാസ’യ്ക്കും എതിരായാണ് പരാതി. ഇവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഊഹാപോഹങ്ങളുമാണ് ദുഷ്പ്രചാരണങ്ങൾക്ക് കാരണമായിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ് പരാതി.
പ്രതി പിടിക്കപ്പെട്ടിട്ടും തുടരുന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങൾ കേരളത്തെ തകർക്കാനുള്ള സംഘപരിവാർ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും എൻകെ അബ്ദുൽ അസീസ് പറഞ്ഞു. നാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കുന്നതിനും, മത സമുദായിക സൗഹാർദത്തിന് ക്ഷതം വരുത്തുന്നതിനും, സമൂഹത്തിൽ വർഗീയ വംശീയ വിഭജനം സൃഷ്ടിക്കുന്നതിനുമായി ആസൂത്രിതവും ബോധപൂർവ്വവും നടത്തിയ ശ്രമങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പരാതിയിൽ പറഞ്ഞു.
Read more
അതേ സമയം സ്ഫോടനവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് ജി വാര്യർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡണ്ട് എൻ അരുൺ കളമശ്ശേരി പൊലീസിൽ പരാതി നൽകി. സന്ദീപ് ജി വാര്യരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിന്‍റെ ലിങ്ക് സഹിതം ആണ് പരാതി നൽകിയത്.