ഓഖി ദുരിതബാധിതര്‍ക്ക് നാല് മാസത്തെ ശമ്പളം വാഗ്ദാനം ചെയ്ത് ഇന്നസെന്റ് എം പി

കൊടുങ്ങല്ലൂരിലെ ഓഖി ദുരിതബാധിതര്‍ക്ക് തന്റെ നാല് മാസത്തെ ശമ്പളം സഹായധനമായി നല്‍കുമെന്ന് ഇന്നസെന്റ് എം പി. എറിയാട് കേരളവര്‍മ്മാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനിടെയാണ് എം പിയുടെ പ്രഖ്യാപനം. അതേസമയം, വീടുകളുള്‍പ്പടെ എല്ലാം നഷ്ടപ്പെട്ടവരുടെ ഇടയിലേക്ക് എത്തിയ എംപിയെ പരിഭവത്തോടെയും പരാതികളോടെയുമാണ് പ്രദേശവാസികള്‍ സ്വീകരിച്ചത്.

പ്രദേശവാസികളില്‍ നിന്നും പ്രതിഷേധമുയര്‍ന്നതോടെ പരമാവധി സഹായമെത്തിക്കാന്‍ ശ്രമിക്കുമെന്ന് ഇന്നസെന്റ് ഉറപ്പു നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിയന്തരമായി പന്ത്രണ്ടായിരം കുപ്പി വെള്ളം എത്തിക്കുമെന്നും എം പി പറഞ്ഞിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് വസ്ത്രവും , കടല്‍വെള്ളം കയറി പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളും നല്‍കും. കടല്‍ഭിത്തി, പുലിമുട്ട് എന്നിവ നിര്‍മ്മിക്കുന്നതിനായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും ഇന്നസെന്റ് പറഞ്ഞു.

Read more

എറിയാട് കേരളവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എ എം ഐ യു പി സ്‌കൂള്‍, അഴീക്കോട് ഗവ: യു പി സ്‌കൂള്‍ എന്നിവിടങ്ങിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇന്നസെന്റ് സന്ദര്‍ശിച്ചത്.