ഇന്നസെന്റ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യപ്രതിഭ: അനുസ്മരിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് അഭ്രപാളികളിലും കേരളീയ പൊതുസമൂഹത്തിലും നിറഞ്ഞുനിന്ന അതുല്യപ്രതിഭയായിരുന്നു  ഇന്നസെന്റ് എന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.  മലയാളികളുടെ മനം കവര്‍ന്ന ഹാസ്യ-സ്വഭാവനടന്‍ ശ്രീ. ഇന്നസെന്റിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപെടുത്തുകയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നെന്ന് കര്‍ദിനാള്‍ അറിയിച്ചു.

സിനിമാനടന്‍ എന്നതിലുപരി മുന്‍ ലോക്‌സഭാംഗവും സിനിമാതാരങ്ങളുടെ സംഘടനയായ AMMAയുടെ പ്രസിഡണ്ടും സാംസ്‌കാരിക പ്രവര്‍ത്തകനും പൊതുജനസേവകനുമായ ശ്രീ. ഇന്നസെന്റ് നമ്മളോട് വിടപറയുമ്പോള്‍ മലയാളികള്‍ക്കെല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള ചിന്തകളും സ്‌നേഹവികാരങ്ങളും മനസ്സിലുണരുന്നുണ്ട്.

കാരുണ്യപ്രവര്‍ത്തനങ്ങളിലും വികസനകാര്യങ്ങളിലും ജനക്ഷേമകരമായ സത്കൃത്യങ്ങളിലും ശ്രീ. ഇന്നസെന്റ് നല്ല മാതൃക കാട്ടിയിട്ടുണ്ട്. സീറോമലബാര്‍സഭയുടെ പേരിലും എല്ലാ സഹൃദയരുടെ പേരിലും ശ്രീ. ഇന്നസെന്റിന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തോടും സിനിമാപ്രവര്‍ത്തകരോടും മറ്റെല്ലാവരോടും അനുശോചനം രേഖപെടുത്തുന്നതായി കര്‍ദിനാള്‍ അറിയിച്ചു.

Read more

കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.