'നിയമസഭാംഗങ്ങളുടെ ഫോട്ടോസെഷൻ ചിത്രീകരിക്കരുതെന്ന് നിർദ്ദേശം'; വീഡിയോ ചിത്രീകരിക്കാനും ഫോട്ടോ എടുക്കാനും മാധ്യമങ്ങൾക്ക് വിലക്ക്

നിയമസഭാങ്ങളുടെ ഫോട്ടോസെഷൻ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. ചോദ്യോത്തര വേള കഴിഞ്ഞ് നടത്തുന്ന ഫോട്ടോസെഷന്റെ വീഡിയോ ചിത്രീകരിക്കാനും ഫോട്ടോ എടുക്കാനും മാധ്യമങ്ങൾക്ക് അനുമതിയില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം തുടങ്ങാനിരിക്കെയാണ് പുതിയ നിർദ്ദേശം.

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമായി. പ്രധാനമായും 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. 2024 ഫെബ്രുവരി 5-ാം തീയതി സഭയില്‍ അവതരിപ്പിച്ച ഈ വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന അതത് സബ്ജക്ട് കമ്മിറ്റികള്‍ നിര്‍വ്വഹിച്ചു കഴിഞ്ഞിട്ടുണ്ട്. ആകെ 28 ദിവസം ചേരാന്‍ നിശ്ചയിച്ചിട്ടുള്ള സമ്മേളനത്തില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് നീക്കിവച്ചിട്ടുള്ളത്.

സമ്മേളന കാലയളവില്‍ അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കും 8 ദിവസം ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതും വര്‍ഷത്തെ ആദ്യ ബാച്ച് ഉപധനാഭ്യര്‍ഥകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും.