സെക്രട്ടേറിയേറ്റിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസെടുത്തു. സെക്രട്ടേറിയേറ്റിന് മുന്നിൽ വർഷങ്ങളായി സമരം ചെയ്യുന്ന ശ്രീജിത്തിന് എതിരെയാണ് തിരുവനന്തപുരം കൻ്റോൺമെന്റ് പൊലീസ് കേസെടുത്തത്. തന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ടാണ് വർഷങ്ങളായി ശ്രീജിത്ത് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നത്.
സർക്കാരിനെയും പോലീസിനെയും ഉദ്യോഗസ്ഥരെയുമൊക്കെ മൈക്രോഫോണിലൂടെ ശ്രീജിത്ത് സ്ഥിരമായി അധിക്ഷേപിക്കുന്നത് നിത്യസംഭവമാണ്. എന്നാൽ ഇത്തവണ മുഖ്യമന്ത്രിക്കെതിരെയാണ് ശ്രീജിത്ത് അസഭ്യം പറഞ്ഞത്. ഇത് കേട്ടു നിന്നവർ മൊബൈലിൽ പകർത്തിയിരുന്നു. ഈ വീഡിയോ തെളിവായെടുത്താണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രിയുടെ ഓഫിസ് ഇരിക്കുന്ന കെട്ടിടത്തിലേക്ക് നോക്കിയായിരുന്നു ശ്രീജിത്തിൻ്റെ അസഭ്യവർഷം. കേട്ടാൽ അറയ്ക്കുന്ന ഭാഷയായിരുന്നു ശ്രീജിത്ത് ഉപയോഗിച്ചതെന്ന് കണ്ട് നിന്നവർ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടക്കുന്നവരെയും മാധ്യമപ്രവർത്തകരെയും സാധാരണ ശ്രീജിത്ത് അസഭ്യം പറയാറുണ്ടെന്നാണ് അധികൃതർ പറയുന്നത്.
Read more
പാറശ്ശാല പോലീസിൻ്റെ കസ്റ്റഡിയിലിരിക്കെ തൻ്റെ സഹോദരൻ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടാണ് കഴിഞ്ഞ 766 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ ശ്രീജിത്ത് സമരം നടത്തി വന്നിരുന്നത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താൻ ഒരുക്കമാണെന്ന് ശ്രീജിത്ത് അറിയിച്ചിരുന്നു. അതേസമയം ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിൻ്റെ കസ്റ്റഡി മരണം സിബിഐ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പേഴ്‌സണൽ കാര്യമന്ത്രി ഇന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഉത്തരവിറങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ശ്രീജിത്ത്.