'ഇല്ല...ഇല്ല മരിക്കുന്നില്ല, പ്രണയം ഇവിടെ മരിക്കുന്നില്ല'... മഹാരാജാസ്‌ കതിര്‍മണ്ഡപമായി; സഫ്‌ന ഇനി അമര്‍നാഥിന്റെ ജീവിതസഖി

മഹാരാജാസ്‌ കലാലയത്തിന്റെ ഇടനാഴികളില്‍ മൊട്ടിട്ട പ്രണയത്തിന്‌, ഒടുവില്‍ കാമ്പസില്‍ തന്നെ സാഫല്യം. മഹാരാജാസ്‌ കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ഥികളായ അമര്‍നാഥും സ്‌ഫ്‌നയും ജീവിതത്തില്‍ ഒരുമിക്കാന്‍ തീരുമാനിച്ചപ്പോള്‍ താലികെട്ട്‌ എവിടെ വേണം എന്നുള്ളതിനെ കുറിച്ച്‌ സംശയമേതുമില്ലായിരുന്നു. പള്ളിയും ക്ഷേത്രവും ഒന്നും നല്‍കാത്ത പവിത്രത തങ്ങള്‍ ഒരുമിച്ച്‌ നടന്ന കാമ്പസിനുണ്ടെന്നും അതുകൊണ്ട്‌ വിവാഹമുണ്ടെങ്കില്‍ അത്‌ കാമ്പസിലെ ഉണ്ടാവു എന്നും നേരത്തെ തീരുമാനിച്ചിരുന്നതാണ്‌. ആ തീരുമാനമാണ്‌ ഉശിരന്‍ മുദ്രാവാക്യങ്ങള്‍ക്ക്‌ നടുവില്‍ മഹാരാജാസ്‌ കാമ്പസില്‍ ശനിയാഴ്‌ച നടന്നത്‌.

ജാതിയോ മതമോ അല്ല മറിച്ച്‌ പ്രണയിക്കുന്ന മനസുകളുടെ പൊരുത്തമാണ്‌ വലുതെന്ന സന്ദേശം തുറന്നുകാട്ടി അവര്‍ ഒരുമിച്ചപ്പോള്‍ ജാതീയമായ ആക്രോശങ്ങള്‍ക്ക്‌ കാതോര്‍ക്കുന്ന രാജ്യത്തെ കാമ്പസുകള്‍ക്ക്‌ അതൊരു മികച്ച മാതൃകയായി. രാവിലെ 8.30 ന്‌ ആയിരുന്നു സുഹൃത്തുക്കളുടെ സാനിധ്യത്തില്‍ താലികെട്ട്‌. മലയാളം ഡിപ്പാര്‍ട്ട്‌മെന്റിന്‌ മുന്‍പില്‍ നക്ഷത്രക്കുളവും സമരമരവും ശശിമരവുമൊക്കെ കൂടിച്ചേരുന്നിടത്തായിരുന്നു മിന്നുകെട്ട്‌.

ചോറ്റാനിക്കര സ്വദേശിയാണ്‌ അമര്‍നാഥ്‌. സഫ്‌ന ഫോര്‍ട്ട്‌ കൊച്ചി സ്വദേശിയും. ബിരുദ പഠനകാലത്താണ്‌ ഇവരില്‍ പ്രണയം മൊട്ടിട്ടത്‌. ഇതാണ്‌ പിന്നീട്‌ അഞ്ച്‌ വര്‍ഷത്തിന്‌ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ കല്യാണമായി മാറിയത്‌. 2012 ല്‍ കോളേജ്‌ ആട്‌സ്‌ ക്ലബ്‌ സെക്രട്ടറിയായിരുന്നു അമര്‍നാഥ്‌. അക്കാലത്താണ്‌ പതിവ്‌ കാമ്പസ്‌ പ്രണയം പോലെ ഇവരുടെ ബന്ധത്തിന്റെ ദൃഢത കൈവരുന്നത്‌. താലിയാകാമെന്ന സഫ്‌നയുടെ ആഗ്രഹം മൂലമാണ്‌ അതെങ്കിലും സംഘടിപ്പിച്ചത്‌ അല്ലെങ്കില്‍ അതും ഒഴിവാക്കുമായിരുന്നുവെന്നും അമര്‍നാഥ്‌ പറഞ്ഞു.

Read more

ഇപ്പോള്‍ ബംഗ്ലുരുവില്‍ വീഡിയോ എഡിറ്ററാണ്‌ അമര്‍നാഥ്‌. കോളേജിന്റെ അനുമതിയോടെ തന്നെയായിരുന്നു വിവാഹം. ഇതിന്റെ ഭാഗമായി വൈകിട്ട്‌ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ചെറിയൊരു സല്‍ക്കാരവുമുണ്ടായി. ഫോര്‍ട്ട്‌ കൊച്ചിയില്‍ ആദ്യരാത്രി. പിന്നീട്‌ രണ്ട്‌ ദിവസങ്ങള്‍ക്ക്‌ ശേഷം പുതിയൊരു ജീവിതവുമായി ഇവര്‍ പുതിയ നഗരത്തിലേക്ക്‌ യാത്രയാകും.