യുവതി തടഞ്ഞിട്ട സംഭവത്തില്‍ അന്വേഷണം; ഹാജരാകാന്‍ ബസ് ജീവനക്കാര്‍ക്ക് ആര്‍.ടി.ഒയുടെ നിര്‍ദേശം

പാലക്കാട് ചാലിശ്ശേരിയില്‍ അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞിട്ട സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പാലക്കാട് ആര്‍ടിഒ വ്യക്തമാക്കി.

സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ പട്ടാമ്പി ജോയിന്റ് ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസ് ജീവനക്കാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടതായും ആര്‍ടിഒ അറിയിച്ചു. ബസ് ജീവനക്കാരുടെ വിശദീകരണം കിട്ടിയ ശേഷമാകും തുടര്‍ നടപടി.

‘രാജപ്രഭ’ ബസുകളില്‍ നിന്ന് നേരത്തേയും മൂന്നോ നാലോ തവണ സമാന അനുഭവം ഉണ്ടായതായി യുവതി വ്യക്തമാക്കിയിരുന്നു. വളവുകളില്‍ പോലും ബസ് അമിത വേഗത്തിലാണ് കടന്നുപോകാറുള്ളതെന്ന് നാട്ടുകാരില്‍ ചിലരും പറഞ്ഞിരുന്നു. ജീവനക്കാരുടെ ഭാഗത്ത് തെറ്റുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയുമായി മുന്നോട്ടു പോകാനാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ തീരുമാനം.

ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ച ബസ് തടഞ്ഞുനിര്‍ത്തി യുവതി

പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരില്‍ തന്നെ ഇടിച്ചു വീഴ്ത്താന്‍ ശ്രമിച്ച ബസ് തടഞ്ഞ് യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ‘രാജപ്രഭ’ എന്ന ബസാണ് തടഞ്ഞത്. സ്‌കൂട്ടര്‍ യാത്രക്കാരിയായ സാന്ദ്രയാണ് സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി തന്റെ പ്രതിഷേധം അറിയിച്ചത്.

ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒന്നരകിലോമീറ്ററോളം പിന്തുടര്‍ന്നാണ് യുവതി ബസിനെ തടഞ്ഞുനിര്‍ത്തിയത്.

ബസ് തന്റെ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഇടിച്ചിടാന്‍ പോയെന്നും അപകടകരമായരീതിയിലാണ് ബസ് ഡ്രൈവര്‍ വാഹനമോടിച്ചതെന്നുമായിരുന്നു യുവതിയുടെ പരാതി. പിന്നീട് ബസ് മറ്റൊരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോളാണ് യുവതി സ്‌കൂട്ടര്‍ മുന്നില്‍നിര്‍ത്തി ബസ് തടഞ്ഞത്. തുടര്‍ന്ന് ജീവനക്കാരോട് തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

Read more

തനിക്ക് മുന്‍പ് രണ്ടോ മൂന്നോ തവണ ഇത്തരത്തില്‍ സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് പ്രതികരിച്ചതെന്നും സാന്ദ്ര പറഞ്ഞു. വണ്ടി തടഞ്ഞുനിര്‍ത്തി സംസാരിച്ചപ്പോള്‍ ബസ് ഡ്രൈവര്‍ ചെവിയില്‍ ഹെഡ്‌ഫോണ്‍ തിരുകിവെച്ചിരിക്കുകയായിരുന്നുവെന്നും സാന്ദ്ര പറഞ്ഞു.