പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിക്കെതിരെ വീണ്ടും അന്വേഷണം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണച്ചുമതല. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയില്‍ നേരിട്ടെത്തി വിവരം ശേഖരിച്ച് പാര്‍ട്ടിക്ക് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എം.വി.ഗോവിന്ദന്‍ പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നേരത്തെ ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രാദേശിക ഘടകം പരിശോധിക്കട്ടെയെന്ന നിലപാടായിരുന്നു സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.
സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ തിരിമറി നടത്തി എന്നാണ് പി കെ ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്കു മുന്നില്‍ പ്രഥമ പരിഗണനയിലുള്ള പരാതി. സിപിഎം ഭരണത്തിന് കീഴിലുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തി എന്നാണ് ആരോപണം. സമാന സ്വഭാവത്തിലുള്ള മറ്റു പരാതികളും നിലവില്‍ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് 5 കോടിയില്‍ അധികം രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പാര്‍ട്ടി അറിയാതെ ആയിരുന്നു അഞ്ച് കോടി 49 ലക്ഷം രൂപയുടെ സമാഹരണം. പണം വിനിയോഗിച്ചതിലും അഴിമതി ആരോപണമുയര്‍ന്നിട്ടുണ്ട്.
മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ മണ്‍സൂര്‍ ആണ് വിഷയത്തില്‍ രേഖാ മൂലം പരാതി സമര്‍പ്പിക്കുകയും പി കെ ശശിയ്‌ക്കെതിരായ ആരോപണങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തത്. വനിതാ നേതാവിനെതിരായുള്ള പീഡന പരാതിയില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിട്ടുണ്ട് പി കെ ശശി.