ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതത്തിലായ വയനാട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് റെക്കോഡ് മഴ. 300 മില്ലി മീറ്ററിലേറെ മഴയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പെയ്തത്. തെറ്റമലയില്‍ മാത്രം 409 മില്ലി മീറ്റര്‍ മഴ പെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജില്ലയില്‍ ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ട്.
തെറ്റമലയില്‍ തിങ്കളാഴ്ച 115 മില്ലിമീറ്റര്‍ മഴ പെയ്തിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കുകള്‍ അനുസരിച്ച് തെറ്റമലയില്‍ ആയിരുന്നു ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തില്‍ ആകെ 951 മില്ലിമീറ്റര്‍ മഴ പെയ്തിരുന്നു. സുഗന്ധഗിരി, ലക്കിഡി, മക്കിയാട്, ചെമ്പ്ര, ബാണാസുര കണ്‍ട്രോള്‍ ഷാഫ്റ്റ്, നിരവില്‍പ്പുഴ, തെറ്റമല, പുത്തുമല, പെരിയ അയനിക്കല്‍ എന്നിവിടങ്ങളിലെ മഴമാപിനികളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 300 മില്ലിമീറ്ററിന് മുകളില്‍ മഴ രേഖപ്പെടുത്തിയത്.
വയനാട് ജില്ലയില്‍ കഴിഞ്ഞ നാല് ദിവസമായി കനത്ത മഴ തുടരുകയാണ്. ഉരുള്‍പൊട്ടലിന് കാരണമായതും കുറഞ്ഞ സമയത്തിനുള്ളില്‍ പെയ്ത വലിയ മഴയാണെന്നും പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ മരണ സംഖ്യ 89 ആയി ഉയര്‍ന്നിട്ടുണ്ട്. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്ന് അധിക സമയമായിട്ടില്ലാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനുള്ള സാഹചര്യമുണ്ട്. കനത്ത മൂടല്‍മഞ്ഞ് പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതോടെ അതീവ ദുഷ്‌കരമായിരിക്കുകയാണ് രക്ഷാദൗത്യം.