മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍. മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റ് ആണോ എന്ന് മുനീര്‍ ചോദിച്ചു. മുസ്ലിം ലീഗ് മത സംഘടനയാണോ അതോ രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം രംഗത്ത് വന്നത്. ലീഗ് എന്ത് ചെയ്യണമെന്നതിന് എകെജി സെന്ററില്‍ നിന്ന് തിട്ടൂരം വേണ്ട. എകെജി സെന്ററിലുള്ളവരോട് കാണിക്കുന്ന ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട എന്നും അദ്ദേഹം പറഞ്ഞു.
ഇഎംഎസിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നും, ഇത് രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥലകാല ഭ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം വീട്ടില്‍ മതി. ലീഗിന്റെ തലയില്‍ കയറി നിരങ്ങാന്‍ വരരുത്. ലീഗിന്റെ മഹാസമ്മേളനം കണ്ട് വിഭ്രാന്തി പൂണ്ട് ഇരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് മുനീര്‍ പറഞ്ഞു. അത് കണ്ട് ഭയന്നാണ് മുഖ്യമന്ത്രിയുടെ പൊലീസ് കേസെടുത്തത്. ലീഗിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും, സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിത്തേര്‍ത്തു.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനമെടുത്തത് സര്‍ക്കാരാണ്. അത് പള്ളികളില്‍ എടുത്തതല്ല. അതിനാല്‍ നിയമസഭയില്‍ രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലിം ലീഗിന് അതില്‍ ഇടപെടാന്‍ എല്ലാ അവകാശവുമുണ്ട്. ഒരു സമുദായം മാത്രം ഒന്നും ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. ലീഗ് നേതാക്കള്‍ ഓടിളക്കി എംഎല്‍എമാരായതല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് സഭയിലെത്തിയവരാണ്. മുഖ്യമന്ത്രി പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. ഏകാധിപതിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്. മുഖ്യമന്ത്രി മുഴുവന്‍ മതങ്ങളേയും ഹൈജാക്ക് ചെയ്യുകയാണ്. മതനിരാസം സൃഷ്ടിക്കുകയാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.
സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ലീഗിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചത്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ മതസംഘടനകളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുസ്‌ലിം ലീഗിന് മാത്രം കാര്യങ്ങള്‍ ബോധ്യമില്ല. അത് ആര് പരിഗണിക്കുന്നുവെന്നും, ലീഗ് എന്ത് ചെയ്താലും പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ മതസംഘടനയാണോ എന്ന് ആദ്യം തീരുമാനിക്കണം. ലീഗ് മുസ്ലിംകളുടെ അട്ടിപ്പേറ് അവകാശം പേറി നടക്കേണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.