വയനാട് ലോക്‌സഭ സീറ്റില്‍ നവംബര്‍ 13ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ പരിഗണിക്കാന്‍ നീക്കം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള അന്തിമ പട്ടികയില്‍ ഖുശ്ബു ഇടം നേടിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഖുശ്ബുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
രാഹുല്‍ ഗാന്ധി രാജിവച്ചതിന് പിന്നാലെ പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. നേരത്തെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ഖുശ്ബു നാല് വര്‍ഷം മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്.
പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു എതിരാളിയെന്ന നിലയിലാണ് ഖുശ്ബുവിനെ ബിജെപി പരിഗണിക്കുന്നത്. നിലവില്‍ തമിഴ്‌നാട് ബിജെപി ഘടകത്തിന്റെ ഭാഗമായാണ് നടി പ്രവര്‍ത്തിക്കുന്നത്.