'പി.ടി ഉഷക്ക് രാജ്യസഭാംഗമാവാന്‍ തന്നെക്കാള്‍ യോഗ്യത ഉണ്ടെടോ'; എളമരം കരീമിന് മറുപടിയുമായി സന്ദീപ് ജി. വാര്യര്‍

സിപിഎം നേതാവ് എളമരം കരീമിനെതിരെ ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. പിടി ഉഷക്ക് രാജ്യസഭാംഗമാവാന്‍ തന്നെക്കാള്‍ യോഗ്യത ഉണ്ടെടോ കരീമേ. എന്താണെന്നറിയാമോ ? പിടി ഉഷ , ഇന്ത്യ എന്ന് മാത്രം മേല്‍വിലാസമെഴുതിയ കത്തും ഒരു കാലത്ത് പയ്യോളിയിലെ വീട്ടില്‍ കൃത്യമായി എത്തുമായിരുന്നു. എളമരം കരീം , ഇന്ത്യ എന്ന മേല്‍ വിലാസത്തില്‍ കത്ത് വന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസില്‍ കൊടുക്കണോ സിപിഎം ആപ്പീസില്‍ കൊടുക്കണോ അതോ എന്‍ ഐ എ ക്ക് കൈമാറണോ എന്ന് പോസ്റ്റ്മാന് സംശയം തോന്നിയേക്കാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പി ടി ഉഷയെ രാജ്യസഭാംഗമായി നാമ നിര്‍ദ്ദേശം ചെയ്തതിന് എതിരെ എളമരം കരീം രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സന്ദീപിന്റെ പ്രതികരണം. സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ട്. ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്തു. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് എളമരം കരീം പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പിടി ഉഷക്ക് രാജ്യസഭാംഗമാവാന്‍ തന്നെക്കാള്‍ യോഗ്യത ഉണ്ടെടോ കരീമേ . എന്താണെന്നറിയാമോ ? പിടി ഉഷ , ഇന്ത്യ എന്ന് മാത്രം മേല്‍വിലാസമെഴുതിയ കത്തും ഒരു കാലത്ത് പയ്യോളിയിലെ വീട്ടില്‍ കൃത്യമായി എത്തുമായിരുന്നു. എളമരം കരീം , ഇന്ത്യ എന്ന മേല്‍ വിലാസത്തില്‍ കത്ത് വന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസില്‍ കൊടുക്കണോ സിപിഎം ആപ്പീസില്‍ കൊടുക്കണോ അതോ എന്‍ ഐ എ ക്ക് കൈമാറണോ എന്ന് പോസ്റ്റ്മാന് സംശയം തോന്നിയേക്കാം.

തൊഴിലാളി വര്‍ഗത്തെ അട്ടപോലെ ചോര കുടിച്ച് വഞ്ചിച്ച ചരിത്രമല്ല പിടി ഉഷക്കുള്ളത് , ചോര നീരാക്കി രാജ്യത്തിന് വേണ്ടി മെഡലുകള്‍ കൊണ്ട് വന്ന സുവര്‍ണ ചരിത്രമാണ്. സകല മാഫിയകളെയും പാറമട മുതലാളിമാരെയും പ്രകൃതി ചൂഷകരെയും സ്വന്തം പാര്‍ട്ടി ചീട്ടില്‍ നിയമസഭയിലെത്തിച്ചവരാണ് പിടി ഉഷയുടെ യോഗ്യത അളക്കുന്നത്.

Read more