പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്നത് നിരന്തരമായ നുണപ്രചാരണമാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് ഒരു ഗീബല്‍സാകാന്‍ തയ്യാറെടുക്കുകയാണോ എന്നും മന്ത്രി ചോദിച്ചു.
പ്രതിപക്ഷ നേതാവിന്റെ ആശയ പാപ്പരത്തം നിർഭാഗ്യകരമാണെന്നും വിഷയദാരിദ്ര്യമാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്ക് പിന്നിലെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 2019 ൽ കിട്ടിയ നിവേദനത്തിന് സർക്കാർ ഒരു അനുകൂല നിലപാടും എടുത്തിട്ടില്ല. 2019 ൽ കിട്ടിയ നിവേദനത്തിന്, സർക്കാർ കാലാവധി അവസാനിക്കാറായ 2021 ഫെബ്രുവരി രണ്ടിന് എംഒയു എങ്ങനെ വന്നുവെന്ന് മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു.
കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.എന്‍.സി.) മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്തിനെ ലക്ഷ്യമിട്ടും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ വിമര്‍ശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു ധാരണാപത്രം ഒപ്പുവെച്ചതില്‍ ഗൂഢാലോചന നടന്നുവെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ഫെബ്രുവരി മാസത്തില്‍ ഇത്തരത്തില്‍ ട്രോളര്‍ ഉണ്ടാക്കി നല്‍കാന്‍ കരാറുണ്ടാക്കി എന്ന് പറയുന്നത് അരി ആഹാരം കഴിക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ല. അത്തരമൊരു നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ കര്‍ശന നടപടിയെടുക്കും. സര്‍ക്കാരിന്റെ നയം വ്യക്തമായിരിക്കെ അതിനെ അട്ടിമറിക്കാന്‍ വിവാദമുണ്ടാക്കാനായി ആസൂത്രിതമായിട്ടാണ് ധാരണാപത്രം ഒപ്പുവെച്ചത്. പ്രതിപക്ഷ നേതാവിന് ഇതില്‍ പങ്കാളിത്തമുണ്ടെന്ന് ഇപ്പോള്‍ പറയുന്നില്ല. എന്നാൽ ഇതിന് പിന്നില്‍ ഒരു ഗൂഢാലോചന ഉണ്ടായിട്ടുണ്ട് എന്നതില്‍ സംശയമില്ല എന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
Read more
മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്യാന്‍ പ്രതിപക്ഷത്തിന് എന്ത് അര്‍ഹതയാണ് ഉള്ളത്. ഇവരുടെ കാലത്ത് കടലേറ്റത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ്. ഇപ്പോഴവര്‍ ഫ്‌ളാറ്റുകളില്‍ എ.സി വെച്ച് താമസിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാരിനെ നന്നായി അറിയാം. പ്രതിപക്ഷം ഇരുട്ടില്‍ തപ്പുകയാണ്. അത് കേരളത്തില്‍ വിലപ്പോവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.