അര്‍ജുനായി തിരച്ചില്‍ ആരംഭിച്ച് ഈശ്വര്‍ മാല്‍പെ; കാലാവസ്ഥ അനുകൂലമെന്ന് കാര്‍വാര്‍ എംഎല്‍എ

കര്‍ണ്ണാടക ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി പരിശോധന ആരംഭിച്ചു. പുഴയിലിറങ്ങാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അനശ്ചിതത്വത്തിലായിരുന്ന രക്ഷാദൗത്യമാണ് വീണ്ടും പുനഃരാരംഭിച്ചത്. ഇതോടെ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ വീണ്ടും ഗംഗാവലി പുഴയിലിറങ്ങി.

പ്രാഥമിക തിരച്ചിലാണ് ഇന്ന് നടത്തുക. ഈശ്വര്‍ മാല്‍പെയ്‌ക്കൊപ്പം മത്സ്യത്തൊഴിലാളികളും പരിശോധനയ്ക്കിറങ്ങും. അര്‍ജുന്റെ ലോറി കണ്ടെത്തി ക്യാബിന്‍ തുറക്കുകയെന്നതാണ് രക്ഷാപ്രവര്‍ത്തകരുടെ ലക്ഷ്യം. രണ്ട് മണിക്കൂറാണ് തിരച്ചില്‍ നടത്തുക. എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങളും പരിശോധനയ്ക്കിറങ്ങും.

Read more

നാളെയാണ് വിപുലമായ തിരച്ചില്‍ നടത്തുക. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ ഇന്ന് സോണാര്‍ പരിശോധന ഉള്‍പ്പെടെ നടത്തും. തിങ്കളാഴ്ച നാവികസേന നടത്തിയ പരിശോധനയില്‍ ഒഴുക്ക് കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രദേശത്ത് രണ്ട് ദിവസമായി മഴ പെയ്യുന്നില്ല. ഗംഗാവലി പുഴയുടെ ഒഴുക്ക് രണ്ട് നോട്‌സിലേക്കെത്തിയെന്നും കാലാവസ്ഥ തിരച്ചിലിന് അനുകൂലമാണെന്നും കാര്‍വാര്‍ എംഎല്‍എ സതീശ് കൃഷ്ണ സെയില്‍ അറിയിച്ചു.