ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് രൂപീകരിക്കാൻ പദ്ധതികളിടുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിൽ എൻഐഎ റെയ്ഡ്. കോയമ്പത്തൂരിലും ചെന്നൈയിലുമായാണ് റെയ്ഡ് നടന്നത്. കോയമ്പത്തൂരിലെ ഡിഎംകെ വനിത കൗണ്‍സിലറുടെ വീട്ടിലും പരിശോധന നടത്തി.
ഐഎസ് സംഘം വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് എന്‍ഐഎ വൃത്തങ്ങൾ പറയുന്നത്. കോയമ്പത്തൂരില്‍ 23 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തുമാണ് റെയ്ഡ് നടന്നത്. കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കഴിഞ്ഞ ആഴ്ച ഒരാളെ പിടികൂടിയിരുന്നു.
തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദിനെയാണ് പിടികൂടിയത്. ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താനായിരുന്നു നബീലിന്റെ പദ്ധതിയെന്ന് എന്‍ഐഎ പറഞ്ഞിരുന്നു. ഇയാളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന നടന്നെന്ന് പറയുന്ന രഹസ്യ കേന്ദ്രങ്ങളില്‍ തെളിവെടുപ്പും നടന്നിരുന്നു.
ക്രിസ്തീയ മതപണ്ഡിതനെ അപായപ്പെടുത്താനും തൃശൂര്‍- പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ഇവർ പദ്ധതി തയ്യാറാക്കിയിരുന്നു. ഖത്തറില്‍ നിന്നാണ് നബീല്‍ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. ‘പെറ്റ് ലവേഴ്സ്’ എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയാണ് നബീൽ അടക്കമുള്ള സംഘം കേരളത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.