Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ചാരക്കേസിന് പിന്നിലെ ‘കോണ്‍സ്പിറസി തിയറി’യും കേരളത്തിലെ കുതികാല്‍വെട്ട് രാഷ്ട്രീയവും

, 4:11 pm

ചില സത്യങ്ങള്‍ എല്ലാക്കാലവും മൂടിവെയ്ക്കാനാവില്ല എന്നത് കാലം പലകുറി തെളിയിച്ചതാണ്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്‍. കെട്ടിചമച്ചത് എന്ന് കോടതി കണ്ടെത്തിയ കേസിന്‍റെ ഊരാകുടുക്കില്‍പ്പെട്ട് നാരായണന് നഷ്ടപ്പെട്ടത് തന്‍റെ ജീവിതത്തിലെ തന്നെ നിര്‍ണായകമായ ഇരുപതിലേറെ വര്‍ഷങ്ങളാണ്. ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിക്കുകയും കേരളത്തില്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുകയും ചെയ്ത ചാരക്കേസ് അതിന്‍റെ സ്വാഭാവികമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. നാരാണനെ അറസ്റ്റ് ചെയ്തത് അനാവശ്യമായിട്ട് ആയിരുന്നു എന്നുള്ള കണ്ടെത്തലില്‍ സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇപ്പോള്‍ കോടതി ഉത്തരവ് ഇട്ടിരിക്കുന്നത്.

എന്താണ് കേസിന് ആധാരം?

റഷ്യയുടെ സഹായത്തോടെ ബഹിരാകാശ സാങ്കേതിക വിദ്യകളും റോക്കറ്റ് വിക്ഷേപണ പദ്ധതികളും തദ്ദേശീയമായി വികസിപ്പിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍മാരില്‍ പ്രമുഖനായിരുന്നു നമ്പിനാരായണന്‍. 1966 മുതല്‍ 1994 വരെയുള്ള 28 വര്‍ഷക്കാലം ഐഎസ്ആര്‍ഒയില്‍ പ്രവര്‍ത്തിച്ച്, ശാസ്ത്രലോകത്തിന് എത്തിപ്പിടിക്കാന്‍ കഴിയാത്ത വളര്‍ന്നിരുന്നു അദ്ദേഹം. ബഹിരാകാശ ശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്‍റെ നൈപുണ്യം ലോകശാസ്ത്രജ്ഞര്‍ക്ക് ഇടയില്‍ നാരായണന്‍ എന്ന പേരിനെ പ്രശസ്തമാക്കി.

ഇന്ത്യന്‍ ബഹിരാകാശ വകുപ്പില്‍ 35 വര്‍ഷത്തെ വിജയകരമായ ഔദ്യോഗിക ജീവിതത്തിനിടെയാണ് ചാരക്കേസ് വന്ന് പിണയുന്നത്. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മംഗള്‍യാന്‍ എന്ന ചരിത്രദൗത്യത്തിന് വേണ്ടി അദ്ദേഹം ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ചാരക്കേസില്‍പ്പെട്ട് നില്‍ക്കുന്ന സമയത്തായതിനാല്‍ ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ നാഴികകല്ലായ മംഗള്‍യാന്‍ നേരിട്ട് കാണാന്‍ പോലും അദ്ദേഹത്തിന് സാധിച്ചില്ല. എന്നാലും, മനസ്സുകൊണ്ട് അദ്ദേഹം ആ ദൗത്യത്തില്‍ പങ്കുചേര്‍ന്നിരുന്നു. മംഗള്‍യാന്റെ വിജയ ദിവസം ക്ഷേത്രത്തില്‍ തേങ്ങയുടയ്ക്കുന്ന ജനക്കൂട്ടത്തില്‍ നമ്പി നാരായണനും ഉണ്ടായിരുന്നത് അതുകൊണ്ടാണ്.

ബഹിരാകാശ ശാസ്ത്രത്തില്‍ ഇന്ത്യയുടെ സമഗ്ര സംഭാവനകളില്‍ ഒന്നാണ് വികാസ് എഞ്ചിന്‍. ഫ്രാന്‍സിന്റെ സഹകരണത്തോടെ ദ്രവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ റോക്കറ്റ് എഞ്ചിന്‍ നിര്‍മ്മിക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തി വിജയിപ്പിച്ചതും നമ്പി നാരായണന്‍ ആണ്. അദ്ദേഹത്തിന്റെ കഠിന പരിശ്രമത്തോടെ പി എസ് എല്‍ വിയില്‍ ഈ എഞ്ചിന്‍ ഒരു പ്രധാന ഘടകമായി മാറിയിരുന്നു. 22 വിക്ഷേപണങ്ങളില്‍ ഈ എഞ്ചിന്‍ വിജയകരമായി ഉപയോഗിച്ചതിനും ഈ ശാസ്ത്രജ്ഞന്റെ കരങ്ങളായിരുന്നു. ക്രയോജെനിക് സങ്കേതിക വിദ്യ കൈവരിച്ചാല്‍ മാത്രമേ ഭൂതല ഉപഗ്രഹം വിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സില്‍ ഉടലെടുത്തു.

1994ല്‍ ആണ് ചാരക്കേസില്‍പ്പെടുത്തി നമ്പി നാരായണനെ അറസ്റ്റുചെയ്യിക്കുന്നത്. ഒമ്പതു ദിസം അന്ന് അദ്ദേഹത്തെ ജയിലിലടയ്ക്കുകയും ചെയ്തു. ക്രയോജെനിക് സങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ഐസ്ആര്‍ഒയുടെ നീക്കത്തെ ചുറ്റിപറ്റിയായിരുന്നു ആരോപണം. നിലവിലില്ലാത്ത ഈ സാങ്കേതിക വിദ്യ ചോര്‍ത്തികൊടുത്തു എന്നാരോപിച്ചായിരുന്നു അദ്ദേഹത്തെ ജയിലിലടച്ചത്. ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നതായിരുന്നു മുഖ്യ ആരോപണം. ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ കുതിപ്പിന്റെ മൂര്‍ച്ചകെടുത്തി ഐഎസ്ആര്‍ഒ എന്ന ഗവേഷണകേന്ദ്രത്തെ നിലംപൊത്തിച്ച ചാരക്കേസിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്നത് അമേരിക്കയുടെ കറുത്ത കരങ്ങളാണ്. റഷ്യന്‍ സാങ്കേതികവിദ്യ ഇന്ത്യക്ക് ലഭിക്കാതിരിക്കാന്‍ അമേരിക്ക നടത്തിയ ഗൂഢാലോചനയാണിത്.

കുറ്റാരോപിതര്‍ക്കെതിരായ മാദ്ധ്യമ വിചാരണയുടെ ഒന്നാന്തരം ദൃഷ്ടന്തങ്ങളിലൊന്നായി ഇന്ന് വിലയിരുത്തപ്പെടുന്ന ഈ കേസ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ സ്ഥാന ചലനത്തിനുവരെ വഴിവെച്ചു. ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരനെ പല സ്ഥലങ്ങളിലും കൂവി അപമാനക്കുക പോലും ചെയ്തിരുന്നു. വേദനയോടെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. ചാരക്കേസിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്നത് കേവലം ഒരു മുഖ്യമന്ത്രിയെ തള്ളിയിടാന്‍ ആസൂത്രണംചെയ്ത അന്തര്‍നാടകം മാത്രമല്ലെന്നും എന്നെയും അതുവഴി ഇന്ത്യയുടെ ശാസ്ത്രകുതിപ്പിനെയും സെമിത്തേരിയിലടക്കാന്‍ കാത്തിരുന്ന ഫ്രാന്‍സ്- അമേരിക്കന്‍ കൂട്ടായ്മയുടെ അവിഹിതസന്തതിയാണ് ചാരക്കേസെന്ന് നമ്പി നാരായണന്‍ തന്നെ അദ്ദേഹത്തിന്റെ ആത്മകഥയായ ഓര്‍മകളുടെ ഭ്രമണപഥത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

1998ല്‍ സുപ്രീംകോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നാലും ലോകത്തിന്റെ മുന്നില്‍ നിരപരാധിത്വം തെളിയിക്കാന്‍ 25 വര്‍ഷത്തോളം പോരാട്ടം തുടരുകയായിരുന്നു അദ്ദേഹം. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ നിയമയുദ്ധം.

തനിക്കെതിരെ കെട്ടിചമച്ച കേസിന്റെ പേരില്‍ അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും വേണ്ടെന്നുവെച്ച് രാജ്യത്തെ സേവിക്കാനെത്തിയ തന്റെ ഭാവിയാണ് ചാരക്കേസില്‍ തകര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആ നഷ്ടപ്പെട്ടുപോയ വിലപ്പെട്ട സമയം തിരിച്ചുകൊടുക്കാന്‍ ഒരിക്കലും കഴിയില്ല എന്നത് വേദനാജനകമാണ്. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട സുപ്രീംകോടതി സ്വാഗതാര്‍ഹമാണെന്നാണ് പൊതുവിലുള്ള അഭിപ്രായം. ഇങ്ങനെയൊരു അഭിപ്രായ രൂപീകരണത്തിന് പിന്നില്‍ നമ്പി നാരായണനെ കേസില്‍ കുടുക്കിയതാണെന്ന പൊതുജനങ്ങളുടെ തോന്നലിന്‍റെ അടിസ്ഥാനത്തിലാണ്.

Advertisement