മരണാനന്തര ബഹുമതിയ്ക്കായി കാത്തിരിക്കേണ്ട ദുര്യോഗമാണ് കോണ്‍ഗ്രസിനെന്ന് ഡിവൈഎഫ്‌ഐയുടെ ദേശീയ അദ്ധ്യക്ഷനും രാജ്യസഭാ എംപിയുമായ എ എ റഹീം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു റഹീം. കേരളത്തില്‍ കോണ്‍ഗ്രസിന് സമീപകാലത്ത് ആഘോഷിക്കാന്‍ പറ്റിയ രണ്ട് വിജയങ്ങളും മരണാനന്തരമായിരുന്നുവെന്ന് റഹീം ആരോപിച്ചു.
മരണാനന്തരമായി കിട്ടിയ ബഹുമതിയെ രാഷ്ട്രീയ ബഹുമതിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് അല്‍പത്തമാണന്നും ഡിവൈഎഫ്‌ഐ ദേശീയ അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് ദിവസങ്ങള്‍ക്കപ്പുറം നടന്ന തിരഞ്ഞെടുപ്പില്‍ 38,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിച്ചത് എങ്ങനെയാണ് അത്ഭുതമാകുന്നതെന്ന് ചോദിച്ച റഹീം സഹതാപ തരംഗം അത്രമേല്‍ ശക്തമായിരുന്നുവെന്നും തിരഞ്ഞെടുപ്പിനെ തങ്ങള്‍ക്ക് കടുത്ത മത്സരത്തിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്നും പറഞ്ഞു.
കോണ്‍ഗ്രസിന് അനായാസം ജയിക്കാനായില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുതുപ്പള്ളിയില്‍ ക്യാമ്പ് ചെയ്യേണ്ടി വന്നുവെന്നും എംപി കൂട്ടിച്ചേര്‍ത്തു. സഹതാപ തരംഗം മാത്രമാണോ വിജയത്തിന്റെ അടിസ്ഥാനമെന്ന ചോദ്യത്തിന് അപ്പയുടെ പതിമൂന്നാമത് വിജയമാണിതെന്ന് പറഞ്ഞത് താനല്ലെന്നും തിരഞ്ഞെടുപ്പില്‍ വിജയിച്ച ചാണ്ടി ഉമ്മനനാണെന്നും റഹീം പറഞ്ഞു.