മുഖ്യമന്ത്രിയ്ക്ക് പൊലീസിന്റെ കാര്യത്തിൽ എന്തെങ്കിലും വ്യക്തതക്കുറവുണ്ട് എന്ന് ധരിക്കാൻ പ്രയാസമാണ്: പ്രമോദ് പുഴങ്കര

കണ്ണൂരിൽ ട്രെയിനില്‍ ടിക്കറ്റ് പരിശോധനയുടെ പേരിൽ മധ്യവയസ്‌കനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകൻ പ്രമോദ് പുഴങ്കര. ആഭ്യന്തര വകുപ്പിനെ ഭരിക്കുന്ന പിണറായി വിജയന് ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാനുള്ള ശേഷിയില്ല എന്ന് കരുതാനാവില്ല എന്ന് പ്രമോദ് പുഴങ്കര അഭിപ്രായപ്പെട്ടു. പാർട്ടി ജില്ലാ സമ്മേളനങ്ങളെ കെ-റെയിൽ പദ്ധതിയുടെ പ്രചാരണ യോഗങ്ങളാക്കുന്ന വിചിത്രമായ സംഘടനാബോധം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന അദ്ദേഹത്തിന് പൊലീസിന്റെ കാര്യത്തിൽ എന്തെങ്കിലും വ്യക്തതക്കുറവുണ്ട് എന്ന് ധരിക്കാൻ പ്രയാസമാണെന്നും പ്രമോദ് പുഴങ്കര തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

കണ്ണൂരിൽ തീവണ്ടിയിൽ കേരള പൊലീസിലെ ഒരു എ എസ് ഐ ടിക്കറ്റ് പരിശോധനയുടെ പേരിൽ ഒരാളെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നിട്ടുണ്ട്. മർദ്ദനത്തിന്റെ അല്പസമയത്തെ ദൃശ്യം മാത്രമാണിതെന്നും ഇയാളെ നീണ്ട നേരം തീവണ്ടിയിലിട്ട് മർദ്ദിക്കുകയും പേരുവിവരങ്ങൾ പോലും രേഖപ്പെടുത്താതെ ഇറക്കിവിടുകയും ചെയ്‌തെന്ന് സഹയാത്രികർ പറയുന്നു. ബൂട്ടിട്ട കാലുകൊണ്ട് അയാളുടെ വാരിയെല്ലിൽ ചവിട്ടുന്ന ദൃശ്യങ്ങളാണ് നാം കാണുന്നത്. എന്നിട്ടും നമ്മളിപ്പോഴും കൊട്ടിഘോഷിക്കുന്നത് നവകേരളം ഉണ്ടാക്കുന്നതിന്റെ കോലാഹലങ്ങളാണ്. ഒരു മനുഷ്യന് ലഭിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശം പോലും ലഭിക്കുമെന്ന് ഉറപ്പില്ലാത്ത, പൊലീസിന്റെ തേർവാഴ്ച്ച നടക്കുന്ന ഒരു സംസ്ഥാനത്തിരുന്നുകൊണ്ടാണ് നവകേരളം ഉണ്ടാക്കുന്നത്. ആത്മാഭിമാനം പണയം വെച്ച വിധേയന്മാരുടെ തൊമ്മിക്കൂത്തു കണ്ട് താളം പിടിക്കുന്ന ഭരണാധികാരികൾക്ക് സുഖിച്ചു വാഴാനുള്ള മറ്റൊരു സമൂഹമായി നാം അതിവേഗം തരാം താഴുകയാണ്.

നിയമവാഴ്ച-Rule of law – എന്നതാണ് ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന പ്രമാണം. ആ നിയമം ജനാധിപത്യപരമായ നിയമമാക്കാനുള്ള ശ്രമങ്ങളും സമരങ്ങളും ഒപ്പം വേണം താനും. ഇവിടെയാണെങ്കിൽ നിലവിലുള്ള എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് കേരളത്തിലെ പൊലീസ്-ആഭ്യന്തര വകുപ്പ്-അതിനെ ഭരിക്കുന്ന മുഖ്യമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രി- ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. വികസനം മുടക്കികൾക്ക് എതിരെയുള്ള യുദ്ധപ്രഖ്യാപനം നടത്താൻ മറക്കാത്ത മുഖ്യമന്ത്രി, തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലീസ് വകുപ്പ് ജനങ്ങളുടെ മേൽ നടത്തുന്ന ഈ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പുലർത്തുന്ന നിശബ്ദത ഒന്നുകിൽ അതിനുള്ള സമ്മതപത്രമാണ്, അല്ലെങ്കിൽ കഴിവുകേടിന്റെ അശ്ളീല സാക്ഷ്യമാണ്. രണ്ടും പൊറുക്കാവുന്ന അപരാധങ്ങളല്ല.

തീവണ്ടിയിൽ നടന്ന മർദ്ദനത്തിന്റെ കുറച്ചു നിമിഷങ്ങളെങ്കിലും ദൃശ്യരൂപത്തിൽ പകർത്താൻ നീതിബോധമുള്ള ഒരു സഹയാത്രികൻ തയ്യാറായതുകൊണ്ടാണ് നാമിപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ ഇടവന്നത്. കേരള പൊലീസ് നടത്തുന്ന എത്രയോ മർദ്ദനങ്ങളും അധിക്ഷേപങ്ങളുമാണ് ഇത്തരത്തിലൊന്നും രേഖപ്പെടുത്താൻ കഴിയാതെ, ഇരകൾ പരാതിയുമായി പോകാൻ ധൈര്യപ്പെടാതെ മാഞ്ഞുപോകുന്നത് എന്നുകൂടി നാം മനസിലാക്കേണ്ടതുണ്ട്. പൊലീസ് നടത്തുന്ന മനുഷ്യാവകാശ, നിയമ ലംഘനങ്ങളെക്കുറിച്ചുള്ള പരാതികളിൽ സത്വര നടപടികൾ ഒരിക്കലും ഉണ്ടാകാത്തതാണ് ഇത്തരം മർദ്ദന ഭീകരത ദൈനംദിന സംഭവങ്ങളായി മാറുന്നതിന്റെ ഒരു കാരണം.

തങ്ങൾ ഭരണത്തിലിരിക്കുന്നു എന്നതുകൊണ്ട് സർക്കാർ സംവിധാനങ്ങളുടെ എല്ലാ തോന്ന്യാസങ്ങളേയും കണ്ണടച്ചു ന്യായീകരിക്കാൻ പുറപ്പെടുന്നവർ ഒട്ടും കുറയാതെ ജനശത്രുക്കളുടെ കൂട്ടത്തിൽ പെടുന്നവരാണ്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തും രണ്ടാം പിണറായി മന്തിസഭയുടെ സമയത്തും പൊലീസ് വകുപ്പിന്റെ നിയന്ത്രണം തീർത്തും ജനാധിപത്യവിരുദ്ധമായ രീതിയിലാണ് നടക്കുന്നത്. വകുപ്പിനെ ഭരിക്കുന്ന പിണറായി വിജയന് ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാനുള്ള ശേഷിയില്ല എന്ന് ഞാൻ കരുതുന്നില്ല. പാർടി ജില്ലാ സമ്മേളനങ്ങളെ കെ-റെയിൽ പദ്ധതിയുടെ പ്രചാരണ യോഗങ്ങളാക്കുന്ന വിചിത്രമായ സംഘടനാ ബോധം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന അദ്ദേഹത്തിന് പൊലീസിന്റെ കാര്യത്തിൽ എന്തെങ്കിലും വ്യക്തതക്കുറവുണ്ട് എന്ന് ധരിക്കാൻ പ്രയാസമാണ്.

അപ്പോൾ പ്രശ്നം കാഴ്ചപ്പാടിന്റെയാണ്. ഇങ്ങനെയൊക്കെയാണ് പൊലീസ് പെരുമാറേണ്ടതെന്നും പൊതുസമൂഹം പൊലീസിനെ ഭയന്നാണ് ജീവിക്കേണ്ടതെന്നും മൂന്നാംമുറയടക്കമുള്ള മനോവീര്യം പൊലീസിന് വേണ്ടതുണ്ട് എന്നുമാണ് ആഭ്യന്തര മന്ത്രിയുടെ കാഴ്ചപ്പാട് എന്നാണ് നമുക്ക് മനസിലാക്കാൻ കഴിയുന്നത്. അത് തിരുത്തണമെന്നും ജനാധിപത്യ സമൂഹത്തിൽ ഇത്തരത്തിലുള്ള പൊലീസ് സേന അപകടമാണെന്നും ഉറക്കെ പറയാൻ കേരള സമൂഹത്തിലെ വലിയൊരു വിഭാഗം അറച്ചു നിൽക്കുന്നതു കൊണ്ടുകൂടിയാണ് പൊലീസ് ഇത്രയും പരസ്യമായി നിയമലംഘനം നടത്തുന്നത്.

കേരളത്തിലെ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിശബ്ദത പുലർത്തുന്ന ഓരോ ജനാധിപത്യ വിശ്വാസിയും ഓരോ പൗരനും കല്ലിനുമേൽ കല്ലുവെച്ചു പടുത്തുയർത്തന്നത് ഒരു ജനാധിപത്യവിരുദ്ധ പൊലീസ് വാഴ്ചയെയാണ്. പൗരന്മാരുടെ ആത്മാഭിമാനവും രാഷ്ട്രീയാവകാശങ്ങളും ഇത്തരത്തിൽ പരസ്യമായി ചവിട്ടിയരയ്ക്കപ്പെടുമ്പോൾ പൊതിച്ചോറിന്റെ വൈകാരിക കഥാപ്രസംഗങ്ങൾ നടത്തി കാലം കഴിച്ചുകൂട്ടുന്ന ഇടതുപക്ഷ യുവജന സംഘടനയൊക്കെ ചരിത്രത്തിലെ ദുരന്തസാക്ഷ്യമാകും.

നിയമവാഴ്ചയെ സംരക്ഷിക്കാനാണ് പൊലീസ് സേനയെ ശമ്പളം കൊടുത്ത് ഒരു ജനാധിപത്യ സമൂഹം നിലനിർത്തുന്നത്. പൊലീസ് സേന തന്നെ നിയമവാഴ്ചയുടെ ലംഘകരാകുമ്പോൾ അവർ പൊലീസുകാരല്ല, സായുധരായ ഗുണ്ടകളാണ്. കേരളീയർ ഈ ഗുണ്ടകൾക്കെതിരെ ചെറുത്തുനിൽക്കേണ്ടിയിരിക്കുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം