തിരുവനന്തപുരം മേയര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കത്ത് ചോര്‍ന്നതിന് പിന്നില്‍ കളിച്ചവരില്‍ മുന്‍ മന്ത്രിയടക്കമുളള സി പി എമ്മിലെ ഉന്ന നേതാക്കളെന്ന് സൂചന. ആനാവൂര്‍ നാഗപ്പനെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തതിന് ശേഷം കഴിഞ്ഞ ഏട്ട് മാസത്തിലധികമായി സ്ഥിരമായൊരു സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ കഴിയാത്ത വിധം രൂക്ഷമാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയത. കടകം പിള്ളി സുരേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, വി ശിവന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് രൂക്ഷമായതിന്റെ ബാക്കി പത്രമാണ് കത്ത് പുറത്തകല്‍ എന്ന് പാര്‍ട്ടി വിലയിരുത്തിക്കഴിഞ്ഞിട്ടുണ്ട്.
ആനാവൂര്‍ നാഗപ്പന് പകരമായി മുന്‍ മേയര്‍ ജയന്‍ ബാബുവിനെ ജില്ലാ സെക്രട്ടറിയാക്കണമെന്ന് വാദിക്കുന്ന ഒരു പ്രബല വിഭാഗം സി പിഎമ്മിലുണ്ട്. എന്നാല്‍ വര്‍ക്കല എം എല്‍ എ വി ജോയിക്ക് വേണ്ടി വാദിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഇവര്‍ തമ്മിലുള്ള പോര് മൂത്തപ്പോള്‍ അന്തരിച്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ട് ഇരു പക്ഷങ്ങള്‍ക്കും താക്കീത് നല്‍കുക വരെയുണ്ടായി. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പിന്തുണ മുന്‍ മേയര്‍ കൂടിയായ ജയന്‍ ബാബുവിനാണ്, മുന്‍ മന്ത്രിയടക്കമുള്ളവരാണ് വി ജോയിക്ക് പിന്തുണയുമായുള്ളത്.
ജില്ലയിലെ പ്രമുഖനായ സി പിഎം നേതാവ് കൂടിയായ മുന്‍ മന്ത്രിക്കെതിരെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി നടത്തിയ ചില വെളിപ്പെടത്തലുകള്‍ പാര്‍ട്ടിയിലെ ചിലര്‍ അദ്ദേഹത്തിനെതിരെ ഉപയോഗപ്പെടുത്തുന്നതായി സി പിഎമ്മിനുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. ഈ മുന്‍ മന്ത്രിയുമായി ബന്ധമുള്ള ചിലരാണ് ഈ കത്ത് പുറത്താക്കിയത് പിന്നിലെന്നും വ്യക്തമായിട്ടുണ്ട്. ആരാണ് ഇതിന് പിന്നിലെന്ന് പാര്‍ട്ടിക്ക് കൃതമായ വിവരങ്ങളുമുണ്ട്
. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ അടുത്ത ആളുകളാണ് മേയര്‍ ആര്യാ രാജേന്ദ്രനും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലും. അവരെ കുടുക്കുക എന്ന ലക്ഷ്യവുമായി മുന്‍ മന്ത്രിയുമായി അടുപ്പമുള്ളവരാണ് ഇവര്‍ രണ്ടു പേരും ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് പുറത്ത് വിട്ടതെന്നും വ്യക്തമായ സൂചനയുണ്ട്.