സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണ ക്രമവുമായി ബന്ധപ്പെട്ട് പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പഴയിടം ഏറ്റവും ഭംഗിയായി തന്റെ ചുമതല വഹിച്ചെന്നും പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമര്‍ശനം അഴിച്ചു വിടുന്നത്. ഒന്നോ രണ്ടോ വ്യക്തികളുടെ വിമര്‍ശനം അവരവരുടേത് മാത്രമാണ്.
പങ്കെടുത്ത കുട്ടികള്‍ക്ക് പ്രശ്‌നങ്ങളില്ല. പഴയിടവുമായി ചര്‍ച്ച നടത്തേണ്ട കാര്യമില്ല. സ്വാഗതഗാന വിവാദത്തില്‍ നേരത്തെ പ്രതികരണം നടത്തിയതാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ ആവശ്യം.
കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണം. സംഘപരിവാര്‍ ബന്ധം അന്വേഷിക്കണം. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.