ചെറിയ വീഴ്ചകളെ പൊതുവൽക്കരിച്ച് പൊലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അതിക്രമവും വീഴ്ചയും ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ മറുപടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ സഭയിൽ നിന്നും ഇറങ്ങിപ്പോയി
എം ഷംസുദ്ദീൻ എംഎൽഎ കൊണ്ടുവന്ന പ്രമേയത്തിന് പൊലീസിനെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നെന്മാറയിൽ കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിൽ ഇറങ്ങി നടത്തിയ കൊലയടക്കം പോലീസ് വീഴ്ചയെന്നാണ് ഷംസുദ്ദീൻ ആരോപിച്ചത്. എന്നാൽ ചെന്താമരയ്ക്ക് ജാമ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ പൊലീസ് കോടതിയിൽ എതിർത്തിരുന്നുവെന്നും പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിനു പോലീസ് താക്കീത് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടപടിയിൽ വീഴ്ച വരുത്തിയ പോലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പത്തനം തിട്ടയിൽ വിവാഹ സംഘത്തെ പോലീസ് മർദിച്ച സംഭവത്തിൽ നടപടി എടുത്തു. പോലീസുകാർക്കെതിരെ കേസ് എടുത്തു. ചെറിയ വീഴ്ചകളെ പൊതുവൽക്കരിച്ച് പോലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ല. സഭ നിർത്തി ചർച്ച വേണ്ടെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. അതേസമയം ക്രമസമാധാന നില ഇത്ര മോശമായ സാഹചര്യം ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ഷംസുദ്ദീൻ കുറ്റപ്പെടുത്തി. ചെന്താമരയ്ക്ക് നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടില്ല. എന്നിട്ടും ഒന്നര മാസം പ്രതി നെന്മാറയിൽ ജീവിച്ചു. നെന്മാറ സംഭവത്തിന് കാരണം പോലീസ് വീഴ്ചയാണെന്നും ഷംസുദ്ദീൻ കുറ്റപ്പെടുത്തി.
അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുട്ടികളെ സർക്കാർ ഏറ്റെടുക്കണമെന്നും ഷംസുദ്ദീൻ ആവശ്യപ്പെട്ടു. പത്തനംതിട്ടയിലെ പോലീസ് അതിക്രമത്തിനെതിരെ കുടുംബം നൽകിയ പരാതിയിൽ പോലീസ് ഒരു നടപടിയും എടുത്തില്ല. ഗുണ്ടകളും പോലീസും തമ്മിലുള്ള ബന്ധം ശക്തമാണ്. ബോംബെ അധോലോകത്തെ കേരളത്തിലേക്ക് പറിച്ചു നടുന്നു. ഗുണ്ടകൾ നടത്തുന്ന ലഹരി പാർട്ടിയിൽ പോലീസ് ഡിവൈഎസ്പി മുഖ്യാതിഥിയാകുന്നു. തുമ്പ പോലീസ് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി. കൈക്കൂലി ഡിജിറ്റലൈസ് ചെയ്ത സംസ്ഥാനമായി കേരളം മാറിയെന്നും ഷംസുദ്ദീൻ കുറ്റപ്പെടുത്തി.
മറുപടി പ്രസംഗത്തിനെഴുന്നേറ്റ മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോൾ പ്രതിപക്ഷത്ത് നിന്ന് ബഹളമുണ്ടാവുകയും സഭയിൽ വാക്പോരിലേക്ക് നീങ്ങുകയും ചെയ്തു. എന്നാൽ അധികം വൈകാതെ സ്ഥിതി ശാന്തമായി. നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നത് പഴയ ഉത്തരവാണെന്നും പിന്നീട് നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന് ഇളവ് തിരുത്തിയത് കോടതിയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ അതിൽ തീരുമാനമെടുക്കേണ്ടത് കോടതി. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാൻ പോലീസിന് അധികാരമില്ല. ചെന്താമര കൊടും ക്രിമിനലാണ്. ഞാൻ ചെന്താമരയെ ന്യായീകരിക്കുന്നില്ല. ചെന്താമര കൂടുതൽ കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന് പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റി. ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്. ചെന്താമരക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയിലും കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. സംഭവത്തെ ന്യായീകരിക്കാൻ ഒരു ഘട്ടത്തിലും തയ്യാറായിട്ടില്ല. തെറ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകും. ഏതു ഉദ്യോഗസ്ഥനായാലും നടപടി ഉണ്ടാകും. ഈ സംഭവത്തിന്റെ പേരിൽ പോലീസിന് ആകെ വെളിവില്ലാതായി എന്ന പ്രചരിപ്പിക്കരുത്. പൊലീസ് ആകെ വെളിവ് ഇല്ലാതെ ആയി എന്ന് എങ്ങിനെ പറയും? ഡിവൈഎസ്‌പി മദ്യപിച്ചു വണ്ടി ഓടിച്ചാൽ പൊലീസുകാർ ആകെ മദ്യപന്മാരെന്ന് എങ്ങിനെ പറയും? പൊലീസ് ഗുണ്ടകളെ സംരക്ഷിക്കുന്ന കാലം കഴിഞ്ഞു. അധോലോക കാര്യം പറഞ്ഞു ഭീതി പരത്താനാകില്ല. കേരളത്തിൽ വർഗീയ ലഹള ഇല്ലാതിരിക്കാൻ കാരണം പോലീസ് ഇടപെടലാണ്. ജനകീയ സേന എന്ന പേര് പോലീസ് അന്വർത്ഥമാക്കുന്നു. കൂടത്തായി കേസും ഉത്ര കേസും ഓയൂർ കേസും ഷാരോൺ വധക്കേസും അടക്കം സർക്കാർ എന്നും ഇരയോടൊപ്പമെന്ന കാര്യം തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.