സിപിഐ 24-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം ഈ മാസം 30 മുതല്‍ ഒക്ടോബര്‍ 3 വരെ നടക്കാനിരിക്കെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
നിലവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നേക്കാള്‍ ജൂനിയറാണെന്നും തന്നെ ഒതുക്കാമെന്ന് ആരും കരുതേണ്ടെന്നും മുതിര്‍ന്ന നേതാവ് സി ദിവാകരന്‍ ഇന്ന് ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ദിവാകരന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കാനം രാജേന്ദ്രന്‍.
പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പാക്കുമെന്ന് കാനം പറഞ്ഞു. പ്രായപരിധി നടപ്പാക്കുന്നത് ദിവാകരന്‍ അറിയാത്തത് പാര്‍ട്ടിയുടെ കുറ്റമല്ല, ദേശീയ കൗണ്‍സില്‍ അംഗീകരിച്ച നയമാണ് നടപ്പാക്കുന്നത്. സംസ്ഥാനസെക്രട്ടറിയ്ക്ക് മൂന്നു തവണ തുടരാമെന്ന് പാര്‍ട്ടി ഭരണഘടനയിലുണ്ടെന്നും കാനം വ്യക്തമാക്കി.
തിരുവനന്തപുരത്ത് ഒക്ടോബര്‍ ഒന്നിന് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ ഒന്നിന് വൈകീട്ട് നാലിന് ടാഗോര്‍ ഹാളില്‍ സെമിനാര്‍ നടക്കും. ഇതില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പങ്കെടുക്കും. ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും എന്ന സെമിനാറിലാണ് ഇരുവരും പങ്കെടുക്കുക. സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങള്‍ തെരഞ്ഞെടുത്ത 563 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.