എറണാകുളത്ത് റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് കല്ല് കണ്ടെത്തി. പൊന്നുരുന്നിയിലാണ് ഇന്ന് പുലര്‍ച്ചെ പാളത്തില്‍ കല്ല് കണ്ടെത്തിയത്. കല്ല് മനഃപൂര്‍വം പാളത്തില്‍ കൊണ്ടു വച്ചതാണെന്നാണ് പൊലീസ് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുലര്‍ച്ചെ ഇതു വഴി ചരക്ക് ട്രെയിന്‍ കടന്നുപോയപ്പോഴാണ് വലിയ കല്ല് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയായിരുന്നു. പൊന്നുരുന്നി പൊലീസ് സ്ഥലത്തെത്തിയാണ് കല്ല് നീക്കം ചെയ്തത്.
ഈ അടുത്തായി സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ട്രെയിന്‍ പാളം തെറ്റുന്ന സംഭവങ്ങള്‍ ഉണ്ടായിരുന്നു. തൃശൂര്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷന് അടുത്ത് ഫെബ്രുവരി 12 നാണ് ചരക്ക് ട്രെയിന്‍ പാളം തെറ്റി അപകടം ഉണ്ടായത്. മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം അന്ന് തടസ്സപ്പെട്ടിരുന്നു.