'എല്ലാം ബിസിനസ്സ്, ആളുകളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുന്നു'; എമ്പുരാൻ വിവാദത്തിൽ സുരേഷ് ഗോപി

എമ്പുരാൻ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര സുരേഷ് ഗോപി. എല്ലാം ബിസിനസ്സ് ആണെന്നും ആളുകളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. എമ്പുരാനെതിരെ വിവാദങ്ങൾ പുകയുമ്പോഴാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

‘എന്താണ് വിവാദം, ആരാണ് ഇതെല്ലാം ഉണ്ടാക്കുന്നത്? ഇതെല്ലാം ബിസിനസ് ആണ്. ആളുകളുടെ മനോനിലയെ ഇളക്കിവിട്ട് പണം വാരുകയാണ്. അതാണ് ചെയ്യുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു. അതേസമയം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റി ചിത്രം ഇന്ന് വീണ്ടും പ്രദര്‍ശനത്തിന് എത്തുകയാണ്. ഗുജറാത്ത് കലാപത്തിന്റെ റഫറന്‍സുള്ള രംഗങ്ങളായിരുന്നു സംഘപരിവാറില്‍ നിന്നും വിമര്‍ശനമുണ്ടാക്കിയത്.

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കി. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡും വെട്ടിമാറ്റിയാണ് റീഎഡിറ്റിംഗ്. അതിനിടെ ‘എമ്പുരാന്‍’ സിനിമ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം എടുത്തത് ആരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നല്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. തെറ്റുകള്‍ തിരുത്തുക എന്നത് തങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള സീനുകളാണ് ചിത്രത്തില്‍ നിന്നും കട്ട് ചെയ്തതെന്നും ഇന്ന് തന്നെ റീ എഡിറ്റ് വേര്‍ഷന്‍ തിയേറ്ററിലെത്തിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.