തൃശൂർ പൂരം കലങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. വിവാദമായ പൂരം അട്ടിമറിയുടെ ഗൂഢാലോചനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഒടുവിൽ പ്രഖ്യാപിച്ച ത്രിതല അന്വേഷണവും മെല്ലെപ്പോക്കിലാണ്. ആദ്യം അന്വേഷണം സർക്കാർ ഏൽപ്പിച്ചത് പൂരം കലക്കലിൽ ആരോപണം നേരിട്ട എഡിജിപി എംആർ അജിത് കുമാറിനെയാണ്. ആരോപണ വിധേയനെകൊണ്ട് അന്വേഷിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഇടത് മുന്നണി ഉൾപ്പെടെ എതിർപ്പുമായി രംഗത്ത് വന്നിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയലാഭത്തിനായി ഗൂഢാലോചന നടന്നെന്നായിരുന്നു അജിത് കുമാറിന്റെ റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വത്തെ വിമർശിക്കുന്ന റിപ്പോർട്ടിൽ ഒരു രാഷ്ട്രീയപ്പാർട്ടിയെയും പേരെടുത്ത് പറഞ്ഞില്ല. എന്നാൽ അജിത് കുമാറിനെ രൂക്ഷമായി കുറ്റപ്പെടുത്തി ഡിജിപി റിപ്പോർട്ട് തള്ളി. സ്ഥലത്തുണ്ടായിരുന്ന അജിത് കുമാർ എന്ത് ചെയ്യുകയായിരുന്നുവെന്നായിരുന്നു ഡിജിപിയുടെ ചോദ്യം.
നിലവിൽ ഡിജിപി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഒക്ടോബർ മൂന്നിന് സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണമാണ് നടക്കുന്നത്. ഇതിൽ പൊലീസ് ഒഴികെയുള്ള വകുപ്പുകൾക്ക് വീഴ്ച പറ്റിയോ എന്ന മനോജ് ഏബ്രഹാമിൻ്റെ അന്വേഷണം മാത്രമാണ് പൂർത്തിയായത്. അജിത് കുമാറിൻ്റെ പങ്കിനെ കുറിച്ചുള്ള ഡിജിപിയുടെ അന്വേഷണവും ഗൂഢാലോചനയിലെ ക്രൈംബ്രാഞ്ച് അന്വേഷണവും ഒന്നുമായിട്ടില്ല.
പ്രസിദ്ധമായ തൃശൂർ പൂരത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ 19 ന് അരങ്ങേറിയത് അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. എഴുന്നള്ളിപ്പ് തടയുകയും പൂരപ്രേമികളെ ലാത്തി വീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വെച്ച് കെട്ടി അടച്ചും പൊലീസാണ് തുടക്കം മുതൽ കാര്യങ്ങൾ വഷളാക്കിയത്. ആനകൾക്ക് തീറ്റയുമായി വന്ന ജീവനക്കാരെ പോലും ബലം പ്രയോഗിച്ച് പൊലീസ് നീക്കി. ഇതോടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.
പുലർച്ച നടക്കേണ്ട വെടിക്കെട്ട് നാല് മണിക്കൂർ വൈകി പകൽ വെളിച്ചത്തിലാണ് നടന്നത്. പൂരം കലങ്ങിയതിനും പൂര നഗരിയിലേക്കുള്ള തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ആംബുലൻസിലെ എൻട്രിക്കും തമ്മിൽ ബന്ധമുണ്ടെന്നായിരുന്നു പ്രധാന ആക്ഷേപം. തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി ജയിക്കാൻ കാരണം പൂരം കലക്കലാണെന്ന് സിപിഐ ഉൾപ്പെടെ ഇപ്പോഴും വിശ്വസിക്കുന്നു.