കൊച്ചി പാലാരിവട്ടത്ത് നടുറോഡിൽ പൊലീസിന് നേരെ യുവതിയുടെ പരാക്രമം. പാലാരിവട്ടം സംസ്കാര ജംഗ്ഷനിൽ രാത്രി 12 മണിക്കാണ് അക്രമം ഉണ്ടായത്. ലഹരിയുടെ പുറത്താണ് യുവതി പൊലീസിന് നേരെ അതിക്രമം നടത്തിയത്. സംഭവത്തിൽ സംഭവത്തിൽ യുവതിയടക്കം രണ്ട് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
പാലാരിവട്ടം സ്വദേശി പ്രവീൺ, കോഴിക്കോട് സ്വദേശിനി റെസിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ലഹരിയുടെ പുറത്ത് റെസ്ലിൻ പൊലീസ് ജീപ്പ് തല്ലിത്തകർക്കുകയും ചെയ്തു. കൃത്യനിർവഹണം തടസപ്പെടുത്തിയതായും പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തിയതായും പൊലീസ് പറഞ്ഞു.
രാത്രി പന്ത്രണ്ടരയോടെ സംസ്ക്‌കാര ജംഗ്ഷന് സമീപത്ത് പ്രവീണും റെസ്ലിനും ചേർന്ന് വഴിയാത്രക്കാരെ ആക്രമിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തകയും ചെയ്തു. ഇതറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. 23കാരിയായ റെസ്ലിനെ പിടികൂടുമ്പോൾ വനിതാ പൊലീസ് ഉണ്ടെങ്കിലേ കസ്റ്റഡിയിലെടുക്കാനാവൂ എന്ന് പറഞ്ഞ് തർക്കമായി. അതിനിടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ കൊണ്ട് യുവതി പൊലീസ് വാഹനത്തിൻ്റെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു.