മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയ എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ നേരത്തെ 20 തവണ സ്വര്‍ണം കടത്തിയിരുന്നതായി അന്വേഷണസംഘം. എയര്‍ ഹോസ്റ്റസിനെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യപ്രതിയും കസ്റ്റഡിയിലായിട്ടുണ്ട്. എയര്‍ ഹോസ്റ്റസുമാരെ ക്യാരിയറാക്കി സ്വര്‍ണം കടത്തുന്നതിന് നേതൃത്വം നല്‍കിയ മട്ടന്നൂര്‍ സ്വദേശി സുഹൈലാണ് പിടിയിലായത്.
സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബീന്‍ ക്രൂ അംഗത്തിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുന്‍പ് 20 തവണ സുരഭി സ്വര്‍ണം കടത്തിയെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുരഭി മട്ടന്നൂര്‍ സ്വദേശി സുഹൈലിന്റെ പേര് വെളിപ്പെടുത്തിയത്.
ഇതിന് പിന്നാലെ മട്ടന്നൂര്‍ സ്വദേശി സുഹൈലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 960ഗ്രാം സ്വര്‍ണമാണ് കൊല്‍ക്കത്ത സ്വദേശിയായ സുരഭി കാത്തൂണില്‍ നിന്ന് റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് കണ്ടെടുത്തത്. എന്നാല്‍ പരിശീലനം ലഭിക്കാത്ത ഒരാള്‍ക്ക് ഇത്രയധികം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ സാധിക്കില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ യാതൊരു അസ്വാഭാവികതയും അന്വേഷണ സംഘത്തിന് കണ്ടെത്താനായിരുന്നില്ല. പരിശീലനം നേടാത്ത ഒരാള്‍ ഇത്തരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചാല്‍ അയാളുടെ നടത്തത്തെയും പെരുമാറ്റത്തെയും അത് ബാധിക്കുമെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.