കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ ആത്മഹത്യ ചെയ്ത സാബുവിനെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്. സാബുവിന്‍റെ ഫോൺ സന്ദേശം പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്‍റുമായ വി.ആർ സജിയുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്.
പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്നും താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും സാബു സജിയോടു പറഞ്ഞു. നിങ്ങൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞുവെന്നായിരുന്നും സജിയുടെ പ്രതികരണം. പണി മനസിലാക്കി തരാമെന്നും സജി സാബുവിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്.
ഇന്നലെ രാവിലെ 7.30ഓടെയാണ് സാബുവിനെ ബാങ്കിന് മുന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിന്‍റെ പടികള്‍ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ബാങ്കിൽ എത്തിയിരുന്നു. എന്നാൽ നിക്ഷേപ തുക തിരികെ ലഭിച്ചില്ല.
കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിരുന്നു. 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഈ പണം തിരിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാൽ മാസംതോറും നിശ്ചിത തുക നൽകാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നൽകിയിരുന്നു.
എന്നാൽ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സാബു കൂടുതൽ തുക ആവശ്യപ്പെട്ടിരുന്നു. പക്ഷെ പണം നൽകാൻ ബാങ്ക് തയ്യാറായില്ല. പിന്നാലെ ജീവനക്കാരുമായി തര്‍ക്കമുണ്ടായിരുന്നു. രാവിലെ വീട്ടിൽ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം സാബുവിന്‍റെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. സാബുവിന്‍റെ പാന്‍റസിന്‍റെ പോക്കറ്റിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.
അതേസമയം കേസിൽ കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കിൽ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. പ്രാഥമിക പരിശോധനയിൽ സാബുവും ജീവനക്കാരും തമ്മിൽ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക.