കോണ്‍ഗ്രസ് ദേശീയനേതൃത്വത്തില്‍ ഉള്‍പ്പെടുത്തിയില്ലങ്കില്‍ താന്‍ സ്വന്തം നിലക്ക് മുന്നോട്ട് പോകുമെന്ന സന്ദേശം ശശി തരൂര്‍ ഹൈക്കമാന്‍ഡിന് നല്‍കിയതാണ് അദ്ദേഹത്തെ പ്രവര്‍ത്തക സമതിയില്‍ ഉള്‍പ്പെടുത്താനും ദേശീയ തലത്തില്‍ പ്രധാന്യം നല്‍കാനും കാരണമായതെന്ന് സൂചനകള്‍. തരൂര്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കിപ്പോയാല്‍ അത് കേരളത്തിലെ കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മനസിലാക്കിയിരുന്നു. മുസ്‌ളീം ലീഗും കേരളാ കോണ്‍ഗ്രസിലെ മാണി വിഭാഗവും തരൂരിനൊപ്പം കൈകോര്‍ക്കുകയും ചെയ്യും. അതോടെ കേരളത്തിലെ യു ഡി എഫും ഇല്ലാതാകും. ഇത് മനസിലാക്കിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കേരളത്തില്‍ തരൂരിനെ വിട്ട് ഒരു കളിക്കും നില്‍ക്കേണ്ട എന്ന തിരുമാനിക്കുകയായിരുന്നു.
ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും എ കെ ആന്റെണിയും ഇതേ സന്ദേശം തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കിയത്. ഉമ്മന്‍ചാണ്ടിക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസില്‍ ജനകീയ നേതാക്കള്‍ ഇല്ലന്നും ആ വിടവ് നികത്താന്‍ തരൂരിനെ മാത്രമേ സാധിക്കുകയുള്ളുവെന്നും കോണ്‍ഗ്രസ് ഹൈക്കാമന്‍ഡ് തിരിച്ചറിയുകയും ചെയ്തു.
പിണറായി വിജയനെയും സി പിഎമ്മിനെയും നേരിടാനുള്ള കഴിവ് നിലവിലെ പ്രതിപക്ഷത്തിനല്ലന്ന് വ്യക്തമായി കഴിഞ്ഞു. ഒരു വേള മൂന്നാം തവണയും സി പി എം ഭരണം ആവര്‍ത്തിച്ചാലും അത്ഭുതമില്ലന്നായിരുന്നു ഹൈക്കമാന്‍ഡിന് കിട്ടിയ റിപ്പോര്‍ട്ട്. വി ഡി സതീശന്റെ നേതൃത്വത്തിലുളള പ്രതിപക്ഷം തികഞ്ഞ പരാജയമാണെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള അടക്കം പറച്ചില്‍. അത് കൊണ്ട് തന്നെ വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ നേതൃത്വവുമായി മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസും യുഡി എഫും പാട്ടും പാടി തോല്‍ക്കുമെന്നാണ് ഹൈക്കമാന്‍ഡിന് കിട്ടിയ റിപ്പോര്‍ട്ട്. അതേ സമയം തരൂരിനെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയില്‍ യു ഡി എഫിന് 120 സീറ്റുവരെ ലഭിക്കാമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്.
ശശി തരൂരിനെ അകറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസിന് ഭാവിയില്ലന്നും ചെറുപ്പക്കാരുടെ പിന്തുണ തരൂരിനാണെന്നും മനസിലായപ്പോള്‍ പിന്നെ തരൂരിനെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഇനി രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.